തിരുവല്ല: ശീതീകരിച്ച പഠനമുറി,ഡിജിറ്റൽ ബോർഡ്,പ്രൊജക്ടർ,മ്യൂസിക് സിസ്റ്റം എന്നിങ്ങനെയുള്ള ആധുനിക സൗകര്യങ്ങളുമായി 4ജി അംഗൻവാടി തുറന്നു.ഇരവിപേരൂർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹൈടെക് അടിസ്ഥാന സൗകര്യങ്ങളുമായി ഓതറ പഴയകാവിൽ പുതിയ അംഗൻവാടി പ്രവർത്തനം ആരംഭിച്ചത്. നാല് തലമുറകൾക്കുള്ള പദ്ധതി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്രമാണ് ഈ അംഗൻവാടി.

ശിശുസൗഹൃദവും വിജ്ഞാനപ്രദവും

കളിയുപകരണങ്ങളും പഠനസാമഗ്രികളും ഇരിക്കാനുള്ള കസേരയും മേശയും അടക്കം വർണാഭമായതും ലഭിക്കാവുന്നതിൽ മികവുറ്റതുമാണ് ഇവിടെ കുട്ടികളെ കാത്തിരിക്കുന്നത്.കാർട്ടൂൺ കഥാപാത്രങ്ങളും അലങ്കാര പാവകളും ഒരോ ചുവരിലും മൂലയിലും സ്ഥാനം പിടിച്ചതോടെ ശിശുസൗഹൃദവും വിജ്ഞാനപ്രദവുമാക്കി കെട്ടിടത്തെയാകെ മനോഹരമാക്കിയിരിക്കുന്നു. ഒന്നിച്ച് അടുക്കി വയ്ക്കാവുന്നതും കുറഞ്ഞ സൗകര്യത്തിൽ നിരത്തിവെക്കാൻ കഴിയുന്നതുമായ കട്ടിലുകളാണ് ഉള്ളത്. ഇതുകൂടാതെ ഊഞ്ഞാൽ,സിസോ മുതലായ പുറം കളിയുപകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്കുള്ള ശീതീകരിച്ച വലിയഹാൾ കൂടാതെ മറ്റു രണ്ട് മുറികളും രണ്ട് ശൗചാലയങ്ങളും അടുക്കള,സ്റ്റോർ,പൂമുഖം,ചുറ്റുമതിൽ ഉൾപ്പെടെ 1200ചതുരശ്രഅടിയിൽ ഒരുനില കെട്ടിടമാണ് സജ്ജമാക്കിയിട്ടുള്ളത്. പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് മോഡൽ അംഗൻവാടിയുടെ നിർമ്മാണം പൂർത്തിയാക്കിയത്.അംഗൻവാടിയുടെ പ്രവർത്തനോദ്ഘാടനം വീണാ ജോർജ്ജ് എം.എൽ.എയും സായംപ്രഭ ഓഫീസിന്റെ ഉദ്ഘാടനം ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ബോർഡ് ചെയർമാൻ കെ.അനന്തഗോപനും നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അനസൂയാദേവി അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്റ് ആർ കൃഷ്ണകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എൻ.രാജീവ്, ഡാർലി വർഗീസ്, ജോൺ വർഗീസ്, ലീലാമ്മ മാത്യു, വി.ടി ശോശാമ്മ, മേഴ്‌സിമോൾ,ബിന്ദു.കെ.നായർ, സാലി ജേക്കബ്,വി.കെ ഓമനകുട്ടൻ, ശശിധരൻപിള്ള, സാബു, ലതാകുമാരി, എസ്.സുജാകുമാരി, വർക്കർ മണിമേഖല എന്നിവർ പ്രസംഗിച്ചു.

നാല് തലമുറകൾക്ക് സൗഹൃദം പങ്കിടാൻ


കുഞ്ഞുങ്ങൾ മുതൽ വൃദ്ധജനങ്ങൾ വരെയുള്ള തലമുറകൾ തമ്മിൽ അടുപ്പം കുറയുന്ന ഇക്കാലത്ത് അവർക്കൊരുമിക്കാനും സ്നേഹം പങ്കിടാനും 4ജി അംഗൻവാടി ഉപകരിക്കും. കൗമാരക്കാരുടെ ക്ലബ്, ഗർഭിണികൾക്കുള്ള പോഷകാഹാര പരിപാടി, വയോജനങ്ങളുടെ വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി സായംപ്രഭയ്ക്കുള്ള ഓഫീസ് എന്നി പ്രവർത്തന വൈവിദ്ധ്യങ്ങൾ ഉൾപ്പെടെ നാല് തലമുറയ്ക്ക് കേന്ദ്രീകരിയ്ക്കാവുന്നതാണ് ഏഴാം വാർഡിൽ സ്ഥാപിച്ചിട്ടുളള ഈ അംഗൻവാടി.

നിർമ്മാണച്ചെലവ് മൊത്തം ഇങ്ങനെ

ഇതിന്റെ നിർമ്മാണത്തിനായി വകുപ്പുതല ഫണ്ട് 17 ലക്ഷവും മുൻ എം.എൽ.എ ശിവദാസൻനായർ ഫണ്ട് 5 ലക്ഷവും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായുള്ള 7 ലക്ഷവും കൂട്ടിച്ചേർത്ത് 29 ലക്ഷം രൂപ ചെലവഴിച്ചാണ് 4ജി അംഗനവാടി യാഥാർത്ഥ്യമാക്കിയത്.

-1200 ചതുരശ്രഅടിയിൽ ഒരുനില കെട്ടിടം

-4ജി അംഗൻ വാടി -ചെലവ് 29 ലക്ഷം