അടൂർ: സ്‌കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. കുന്നത്തൂർ നെടിയവിള പഠിപ്പുര വീട്ടിൽ വിജയന്റെ മകൻ വിഷ്ണുലാൽ (26) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ച അടൂർ കരുവാറ്റ പ്ലാവിളത്തറ ശോഭാലയത്തിൽ ഉണ്ണികൃഷ്ണൻ ഉണ്ണിത്താന്റെ മകൻ വിഷ്ണു ഉണ്ണികൃഷ്ണനെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടൂർ - ഭരണിക്കാവ് നാഷണൽ ഹൈവേയിൽ താഴത്തുമൺ തബോവൻ സ്കൂളിന് സമീപമുള്ള വളവിന് മുകളിലായി ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് ടെക്നോപാർക്കിലെ ജീവനക്കാരനായ വിഷ്ണു ലാൽ സുഹൃത്തായ വിഷ്ണുവിനെ കാണാൻ എത്തിയതായിരുന്നു. തിരികെ നെടിയവിളയിലെ വീട്ടിൽ കൊണ്ടുവിടുന്നതിനായി വിഷ്ണുവിന്റെ സ്കൂട്ടറിൽ മടങ്ങവേയാണ് അപകടം . മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. അടൂർ - ചവറ റൂട്ടിൽ സർവീസ് നടത്തുന്ന ഗോപാലകൃഷ്ണൻ ബസിലെ കണ്ടക്ടറാണ് വിഷ്ണു വിന്റെ പിതാവ് വിജയൻ. മാതാവ്: പരേതയായ വിജയലക്ഷ്മി. സഹോദരി : വിഷ്ണുപ്രിയ .