തിരുവല്ല: തിരുവല്ലശാലയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23 മുതൽ 29 വരെ മണിപ്പുഴ ദേവീക്ഷേത്രത്തിൽ യജുർവേദ സത്രം സംഘടിപ്പിക്കുന്നു. ആചാര്യ ഗോപാലകൃഷ്ണ വൈദിക് ആണ് സത്രാചാര്യൻ. ഇരിഞ്ഞാലക്കുട പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏഴ് വേദപണ്ഡിർ സത്രത്തിന് കാർമ്മികത്വം വഹിക്കും. ദിവസേന 101 പേരുടെ യജുർവേദ ജപം നടക്കും. ഇതോടൊപ്പം ഋഗ്വേദം, സാമദേവം എന്നിവയുടെ മുറജപവും നടക്കും. വേദപണ്ഡിതരായ തൃശ്ശൂർ വടക്കുംപാട്ട് കൃഷ്ണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, ഡോ. തോട്ടം ശിവകരൻ നമ്പൂതിരി എന്നിവർ മുറജപത്തിന് നേതൃത്വം നൽകും.
സത്രത്തിൽ ഏഴുദിവസവും ഉദയം മുതൽ അസ്തമയം വരെ ഋഗ്വേദ മന്ത്രങ്ങൾ കൊണ്ട് ആഹുതികൾ സമർപ്പിക്കും. ഏഴ് അസ്തമയങ്ങൾക്ക് മുമ്പായി യജുർവേദം പൂർണ്ണമായും ഉച്ചരിച്ച് തീരും. വൈദിക കർമ്മങ്ങളോടൊപ്പം മുറപ്രകാരം വേദസൂക്തം, ഗായത്രി എന്നിവയുടെ ജപം, സന്ധ്യാവന്ദനം എന്നിവ പരിശീലിപ്പിക്കും. ജാതിഭേദമന്യേ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ജപത്തിനും യജ്ഞത്തിനും പുറമേ ദിവസേന വേദം, ഉപനിഷത്ത്, ഭഗവത്ഗീത, ഭാഗവതം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പ്രഭാഷണങ്ങളും നടക്കും.
മന്ത്രങ്ങളും യജ്ഞങ്ങളും പ്രകൃതിയെയും രാജ്യത്തെയും സ്വാധീനിക്കുന്നതെങ്ങനെ, അവയുടെ ശാസ്ത്രീയത തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. മണിപ്പുഴ ദേവീക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രത്യേക യാഗശാലയിലാവും സത്രവും ജപവും നടക്കുക. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് തയ്യാറാക്കുന്ന പന്തലിൽ പ്രഭാഷണവും സെമിനാറുകളും നടക്കും. സ്വാമിമാരായ പ്രജ്ഞാനാനന്ദ തീർത്ഥപാദർ, ദർശനാന്ദ സരസ്വതി, വീരഭദ്രാനന്ദ, ഡോ.കെ.എസ്.രാധാകൃഷ്ണൻ, ഡോ. എം.ലക്ഷ്മികുമാരി തുടങ്ങി നിരവധി പ്രമുഖർ സത്രത്തിൽ പങ്കെടുക്കുമെന്ന് സത്രനിർവ്വഹണ സമിതി ജനറൽ കൺവീനർ കെ.ആർ. ഗോപകുമാർ അറിയിച്ചു. ഫോൺ: 9447454430, 9544531851.