അടൂർ: ദീർഘദൂര ഫാസ്റ്റ് പാസഞ്ചറുകൾ നിറുത്തലാക്കി ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസ് തുടങ്ങിയതിന്റെ മറപിടിച്ച് അടൂർ ഡിപ്പോയിൽ നിറുത്തലാക്കിയ തൃശൂർ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസ് 4 മാസത്തിനു ശേഷം ഇന്ന് വീണ്ടും പുന:രാരംഭിക്കും. ഡിപ്പോയിലെ ഏറ്റവും വരുമാനമുള്ള പ്രസ്റ്റീജ് സർവീസുകളിൽ ഒന്നായ ഇത് നിറുത്തലാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സർവീസ് പുന:രാരംഭിക്കാൻ നടത്തിയ നീക്കം ഉന്നതങ്ങളിലെ ഇടപെടലിനെ തുടർന്ന് അനിശ്ചിതമായി നീളുകയായിരുന്നു. രണ്ടര മാസം മുൻപ് ഇതേ ആവശ്യം ഉന്നയിച്ച് ചിറ്റയം ഗോപകുമാർ എം. എൽ.എ വകുപ്പു മന്ത്രിയെ നേരിൽ കണ്ട് ചർച്ച നടത്തി. സർവീസ് തുടങ്ങാൻ മന്ത്രി ബന്ധപെട്ടവർക്ക് നൽകിയ നിർദ്ദേശവും ചില ഉന്നത ഉദ്യോഗസ്ഥരുടെ ദുർവാശി കാരണം നടന്നില്ല. അടൂരിൽ നിന്ന് രാവിലെ 6.10 ന് യാതൊരു മുടക്കവും കൂടാതെ നടത്തിവന്ന സർവീസ് സ്ഥിരം യാത്രക്കാരുടെ ആശ്രയമായിരുന്നു. എം.സി റോഡ് വഴി കടന്നു പോകുന്ന സർവീസിനെ ഉദ്യോഗസ്ഥരാണ് പ്രധാനമായും ആശ്രയിച്ചു വന്നത്. ശരാശരി വരുമാനം 25,000 രൂപയ്ക്ക് മുകളിലായിരുന്നു. സർവീസ് നിറുത്തലാക്കിയതോടെ മറ്റ് ഡിപ്പോകളിൽ നിന്ന് വരുന്ന ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു.
രാവിലെ 6.15 ന് പുറപ്പെടും. കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ വഴി തൃശൂരിലും അവിടെ നിന്ന് 2.20 ന് തിരിച്ച് 8.50 ന് കൊട്ടാരക്കരയും 9.35ന് തിരിച്ച് അടൂരിലും എത്തും.
ആകെ ദൈർഘ്യം: 430 കി.മീറ്റർ