പുതുവർഷത്തിൽ പ്രതീക്ഷിക്കാം

തിരുവല്ല: ഗതാഗതക്കുരുക്ക് വർദ്ധിച്ചു വരുന്ന എം.സി റോഡിലെ മുത്തൂർ ജംഗ്‌ഷനിൽ ട്രാഫിക്ക് ലൈറ്റ് സ്ഥാപിക്കുവാൻ 15 ലക്ഷം രൂപയുടെ ഭരണാനുമതിയായി. മാത്യു ടി. തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് സിഗന്ൽ ലൈറ്റ് സ്ഥാപിക്കുവാൻ അനുമതി ലഭിച്ചത്. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ആസ്തി വികസന ഫണ്ട് വിനിയോഗിക്കാൻ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിവന്നതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ അഭ്യർത്ഥന പരിഗണിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ഭരണാനുമതി നേടിയെടുത്തത്. കെൽട്രോണിനായിരിക്കും ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ നിർമ്മാണ ചുമതല. പുതുവർഷത്തിൽ പുതിയ സിഗ്നൽ സംവിധാനം സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നഗരത്തിൽ പ്രധാന റോഡുകളുടെ നിലവാരം ഉയർന്നതോടെ മുത്തൂർ ജംഗ്‌ഷനിലൂടെ തലങ്ങും വിലങ്ങും വാഹങ്ങൾ ചീറിപ്പായുന്ന കാഴ്ചയാണ്. ട്രാഫിക് പൊലീസാണ് ഇപ്പോൾ കുറച്ചെങ്കിലും വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നത്. രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ തിരക്കായതിനാൽ നാട്ടുകാരും ഭീതിയിലാണ് ഇതുവഴി കടന്നുപോകുന്നത്. എം.സി റോഡിലെ തിരുവല്ല ടൗൺ ഭാഗവും കുറ്റപ്പുഴ - മുത്തൂർ റോഡും കാവുംഭാഗം - മുത്തൂർ റോഡും ഉയർന്ന നിലവാരത്തിൽ പൂർത്തിയായതിനെ തുടർന്നാണ് മുത്തൂർ ജംഗ്‌ഷനിലെ ഗതാഗതക്കുരുക്ക് വർദ്ധിച്ചത്. ഇതോടൊപ്പം ചുമത്ര ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കൂടി വരുമ്പോൾ അഞ്ചു റോഡുകളിൽ നിന്നുള്ള വാഹനത്തിരക്ക് മുത്തൂർ ജംഗ്‌ഷനിൽ ഉണ്ടാകുന്നു. ഇതൊഴിവാക്കാൻ സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയല്ലാതെ മറ്റു പോംവഴിയില്ലാത്ത സാഹചര്യമാണ്.