തിരുവല്ല: നിരവധി മോഷണക്കേസുകളിലും കൊലപാതക കേസുകളിലും ഉൾപ്പെട്ട യുവാവ് നിരണം അക്രമക്കേസിൽ പൊലീസിന്റെ പിടിയിലായി. തിരുവല്ല നിരണം മുണ്ടനാരി അഭിലാഷ് (32) ആണ് അറസ്റ്റിലായത്. നിരണം പഞ്ചായത്ത് 12 -വാർഡ് മെമ്പർ കുരുവിള കോശിയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒളിവിലായിരുന്നു ഇയാൾ. കഴിഞ്ഞയാഴ്ച നിരണം പഞ്ചായത്ത് കേരളോത്സവത്തിനിടെ നിരവധി ആളുകളെ മുഖംമൂടിവച്ച് വെട്ടി പരിക്കേൽപ്പിക്കുകയും ആ കേസ്സിൽ ഒളിവിൽ പോയി രണ്ട് ദിവസത്തിന് ശേഷമാണ് പഞ്ചായത്ത് മെമ്പറെ ആക്രമിച്ചു മുങ്ങിയത്. പല ജില്ലകളിലായി പത്തോളം മോഷണം, പിടിച്ചുപറി കേസുകളിൽ ഇയാൾ പ്രതിയാണ്. കൂടാതെ രാത്രിയിൽ യാത്രക്കാരുടെ മുൻപിൽ വാഹനം കുറുകെ ഇട്ട് വടിവാൾ വീശി ഭീതിയുണ്ടാക്കി കവർച്ച ചെയ്യുന്ന പതിവുമുണ്ട്. കോഴിക്കോട്ട് കാറിൽ യാത്രചെയ്ത കുടുംബത്തെ ആക്രമിച്ചശേഷം പിടിച്ചുപറി നടത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് തൃശൂർ പേരാമംഗലത്ത് യുവാക്കളെ ടിപ്പർ ലോറി ഇടിച്ച് വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് 3 മാസമേ ആയുള്ളൂ. ഇതിനിടെയാണ് നിരണത്തെ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്റെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. നിരവധി കഞ്ചാവ് കേസുകളിലും പ്രതിയാണ് ഇയാൾ. മറ്റ് മൂന്നു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്റെ നേതൃത്വത്തിൽ പുളിക്കീഴ് ഇൻസ്പെക്ടർ സി.ഐ രാജപ്പൻ, എസ്.ഐമാരായ ആർ.എസ് രഞ്ചു, സന്തോഷ്, എ.എസ്.ഐ മാരായ വിൽസൺ, എസ്.ആർ. അജികുമാർ, സി.പി.ഒ മാരായ മിഥുൻ ജോസ്, സുജിത്ത്, എസ്. ഷിനു, വിപിൻ ക്ലീറ്റസ്സ്, ശ്യാംകുമാർ, നന്ദകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.