ഉള്ളന്നൂർ: കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ മാതാപിതാക്കൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് എസ്. എൻ. ഡി. പി. യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ. വി. ആനന്ദരാജ് പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും സംയുക്തമായി ഉള്ളന്നൂർ എസ്. എൻ. ഡി. പി. ശാഖായോഗത്തിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി അമ്മ അറിയാൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് മാതാപിതാക്കളാണ്. കുട്ടികളുടെ റോൾ മോഡലുകളായി മാതാപിതാക്കൾ മാറണം. മക്കൾ ക്വട്ടേഷൻ സംഘത്തിലോ വിധ്വംസക പ്രവർത്തനത്തിലോ ഏർപ്പെട്ടാൽ അതിന് ഉത്തരവാദികൾ മാതാപിതാക്കളാണെന്ന് ഓർക്കണം. സ്നേഹത്തോടെ കുട്ടികളെ വളർത്തണം. ഇല്ലെങ്കിൽ ഇപ്പോൾ കുഞ്ഞുങ്ങൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തം നമ്മുടെ കുടുംബങ്ങളിലും ഉണ്ടാവും. കുഞ്ഞുങ്ങളെ അനാവശ്യ സംഭാഷണങ്ങളിലൂടെ നിരുത്സാഹപ്പെടുത്തരുത്. അവർ റിബലുകളായി മാറും. ലഹരിയുടെ കുത്തൊഴുക്കിന്റെ കാലമാണിത്. ബാറുകൾ നിരോധിച്ചപ്പോൾ വളരെ നന്നായി എന്ന് ചിന്തിച്ചവരുണ്ട്. ബാർ നിരോധനത്തോടെ സ്കൂൾ, കോളേജ് കാമ്പസുകളിൽ ലഹരി വസ്തുക്കൾ വ്യാപകമായി. ഈ സാമൂഹ്യ വിപത്തിൽ നിന്ന് പുതിയ തലമുറയെ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് പ്രതിജ്ഞാബദ്ധതയോടെ കേരളകൗമുദി പ്രവർത്തിക്കുന്നത് മാതൃകാപരമാണ്.

സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി എക്കാലവും കേരളകൗമുദി പ്രവർത്തിച്ചിട്ടുണ്ട്. അധഃസ്ഥിത - പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് കേരളകൗമുദിയുടേതെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് സിവിൽ ഓഫീസർ ബിനു വർഗീസ്, മല്ലപ്പുഴശേരി പ്രൈമറി ഹെൽത്ത് സെന്ററിലെ നിസി നാരായണൻ എന്നിവർ ക്ലാസെടുത്തു. ശാഖായോഗം വൈസ് പ്രസിഡന്റ് എസ്. സുരേശൻ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി യുണിറ്റ് ചീഫ് സാം ചെമ്പകത്തിൽ, പന്തളം യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, ജില്ലാ പഞ്ചായത്തംഗം വിനീതാ അനിൽ, ഗ്രാമപഞ്ചായത്തംഗം ലീലാ രാധാകൃഷ്ണപിള്ള, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം എം. കെ. ശിവജി, സി. ഡി. എസ്. ചെയർപേഴ്സൺ ശ്രീലത വിശ്വംഭരൻ, കാരിത്തോട്ട ശാഖാ പ്രസിഡന്റ് സജീവ് ഓമനാലയം, സെക്രട്ടറി കെ. ജി. പ്രസന്നൻ, യൂണിയൻ കമ്മിറ്റിയംഗം സലീം ബി. പണിക്കർ, ഉള്ളന്നൂർ തെക്ക് ശാഖാ സെക്രട്ടറി കെ. സോമരാജൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി സുമാ വിമൽ, ശാഖാ സെക്രട്ടറി അജിതാ ഉദയൻ, ഗ്രാമപഞ്ചാത്തംഗങ്ങളായ രാജി ദാമോദരൻ, ഷൈനി ലാൽ എന്നിവർ സംസാരിച്ചു.