തിരുവല്ല: മാർത്തോമാ കോളേജിന് യു.ജി.സി.യുടെ എ ഗ്രേഡ് നാക് (നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ) അംഗീകാരം ലഭിച്ചു. നാലാം തവണയാണ് കോളേജിന് ബഹുമതി ലഭിക്കുന്നത്. ഇത്തവണ ഇന്ത്യയിൽ 22 കോളേജുകൾക്കാണ് എ ഗ്രേഡ് അക്രഡിറ്റേഷൻ ലഭിച്ചത്. ഉത്തരാഖണ്ഡ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഹോഷിയദാമിയുടെ നേതൃത്വത്തിലായിരുന്നു നാക് സംഘം വിലയിരുത്തലിനെത്തിയത്. 1997ൽ രാജ്യത്ത് ആദ്യമായി നാക് അക്രഡിറ്റേഷൻ നേടിയ കോളേജുകളിൽ ഒന്നാണ് മാർത്തോമ. 2013 മുതൽ 2018 വരെയുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ നൽകിയത്. 12 യു.ജി പ്രോഗ്രാമുകളിലും 10 പി.ജി പ്രോഗ്രാമുകളും ഏഴ് ഡോക്ടറൽ ഡിഗ്രി പ്രോഗ്രാമുകളിലുമായി 1700 വിദ്യാർത്ഥികളാണ് കോളേജിൽ പഠിക്കുന്നത്.