സ്ലോട്ടർ ഹൗസ് പൂട്ടിയത് ഒന്നരവർഷം മുമ്പ്
പ്ലാന്റ് നവീകരണം, രൂപരേഖയിൽ പിഴവ്
പ്ലാന്റ് സ്ഥാപിച്ചിട്ട് മൂന്ന് മാസം
കൊല്ലം: നഗരത്തിൽ അനധികൃത അറവും അറവ് മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുന്നതും രൂക്ഷമായിട്ടും കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം അഷ്ടമുടിക്കായലിന്റെ തീരത്തുള്ള സ്ലോട്ടർ ഹൗസ് (അറവുശാല) തുറന്ന് പ്രവർത്തിപ്പിക്കുന്നതിൽ നഗരസഭയ്ക്ക് മെല്ലെപ്പോക്ക്. അത്യാധുനിക എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാനാകാത്ത സ്ഥിതിയാണ്. പ്ലാന്റ് നവീകരണത്തിന്റെ രൂപരേഖ തയ്യാറാക്കിയതിൽ സംഭവിച്ച പിഴവാണ് സ്ലോട്ടർ ഹൗസ് തുറക്കാനാകാത്ത സ്ഥിതി സൃഷ്ടിച്ചത്.
പരാജയപ്പെട്ട ട്രയൽ റൺ
ജനറേറ്റർ ഇല്ലാത്തതാണ് നഗരസഭയുടെ സ്ളോട്ടർ ഹൗസിന്റെ ഇപ്പോഴത്തെ തടസം. മൂന്ന് മാസം മുമ്പ് പുതിയ പ്ലാന്റിന്റെ ട്രയൽ റൺ നടത്തുന്നതിനിടെ വൈദ്യുതി തടസമുണ്ടായി. ഇതോടെ പ്ലാന്റിലുണ്ടായിരുന്ന മാംസവും അവശിഷ്ടങ്ങളും പുറത്തേക്ക് തെറിച്ചു. അപ്പോഴാണ് നഗരസഭാ അധികൃതർ ജനറേറ്ററിന്റെ ആവശ്യകതയെക്കുറിച്ച് ചിന്തിച്ചത്. പ്ലാന്റ് സ്ഥാപിച്ച സ്വകാര്യ ഏജൻസി ജനറേറ്റർ ആവശ്യമാണെന്ന് കരാറെടുത്തപ്പോൾ തന്നെ പറഞ്ഞിരുന്നെങ്കിലും നഗരസഭാ അധികൃതർ കാര്യമായെടുത്തില്ല. ട്രയൽ പരാജയപ്പെട്ടതോടെയാണ് ജനറേറ്ററിന്റെ കാര്യം ചിന്തിച്ചത്.
55 ലക്ഷം രൂപയുടെ പ്ളാന്റ്
30 കെ.എൽ.ഡി ശേഷിയുള്ള എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ളാന്റാണ് സ്ളോട്ടർ ഹൗസിൽ സ്ഥാപിച്ചിട്ടുള്ളത്. മൂന്ന് ടാങ്കുകളിലായി ഘട്ടം ഘട്ടമായാണ് പ്ളാന്റിൽ മലിനജലം സംസ്കരിക്കുന്നത്. 55 ലക്ഷം രൂപയാണ് ചെലവ്. പുതിയ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ലോട്ടർ ഹൗസ് സൃഷ്ടിച്ചിരുന്ന മലിനീകരണ പ്രശ്നം ഒഴിവാകുമെന്നാണ് പ്രതീക്ഷ. മലിനീകരണ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ സമീപിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയിലാണ് അറവുശാല അടച്ചുപൂട്ടാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇനിയും ഒരുമാസം...?
സ്ലോട്ടർ ഹൗസ് പ്രവർത്തനം ആരംഭിക്കാൻ കുറഞ്ഞത് ഒരു മാസം ഇനിയും കാത്തിരിക്കേണ്ടി വരും. പുതിയ ജനറേറ്റർ സ്ഥാപിക്കാനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. എന്നാൽ പോട്ടി അടക്കമുള്ള അറവ് അവശിഷ്ടങ്ങൾ ശേഖരിക്കാനുള്ള കരാർ എങ്ങുമെത്തിയില്ല. ടെണ്ടർ ചെയ്തിട്ടും ആരും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് റീ ടെണ്ടർ ചെയ്തിരിക്കുകയാണ്. റീ ടെണ്ടർ നടപടി പൂർത്തിയാക്കി കരാറിലേക്ക് നീങ്ങാൻ ചുരുങ്ങിയത് ഒരുമാസമെങ്കിലും ഇനിയുമെടുക്കും.