ശ്വാസകോശ നാളികളുടെ അമിതവും സ്ഥിരമായതുമായ രോഗാവസ്ഥയിലുള്ള വികാസവും തന്മൂലമുള്ള കഫക്കെട്ടലുമാണ് ബ്രോങ്കൈറ്റിസ് എന്ന പേരിൽ അറിയപ്പെടുന്നത്. സ്ഥിരമായി കഫക്കെട്ടും ശ്വാസംമുട്ടലും ഉണ്ടാകുന്ന രോഗങ്ങളിൽ നമ്മുടെ നാട്ടിലെ ഒരു പ്രധാനപ്പെട്ട കാരണം ബ്രോങ്കൈറ്റിസ് എന്ന ഈ രോഗാവസ്ഥയാണ്.
കാരണങ്ങൾ
കപ്പലണ്ടിപോലെ ശ്വാസ നാളികളിൽ തങ്ങുന്ന വസ്തുക്കൾ, ചെറിയ ട്യൂമറുകൾ, ക്ഷയരോഗം ഉൾപ്പെടെയുള്ള രോഗബാധ, ന്യൂമോണിയ, ചിലതരം വാതരോഗങ്ങൾ, അലർജിക് അസുഖങ്ങൾ, ശ്വാസകോശത്തിലേക്ക് തൊണ്ടയിൽ നിന്ന് കടന്നുകയറുന്ന ആഹാരപദാർത്ഥങ്ങൾ എന്നിവയാണ് ബ്രോങ്കൈറ്റിസ് ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങൾ. ഇതുകൂടാതെ ജന്മനാ ചിലരിൽ മറ്റ് രോഗങ്ങളുടെ ഭാഗമായി ഇതുണ്ടാകാമെങ്കിലും 25 മുതൽ 50 ശതമാനം വരെ രോഗികൾക്കും യഥാർത്ഥ കാരണം കണ്ടെത്താൻ കഴിയാത്ത ഇഡിയോപ്പതിക് തരമാണ്. ക്ഷയരോഗം വന്ന് ചികിത്സിച്ച് ഭേദപ്പെട്ടവർക്കുണ്ടാകുന്ന ഈ അസുഖമാണ് ഏറ്റവും സാധാരണമായിട്ടുള്ളത്. ശ്വാസനാളികളുടെ ഭിത്തികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ഈ രോഗത്തിന്റെ നിദാനം.
ലക്ഷണങ്ങൾ
സ്ഥിരമായ ചുമയും കട്ടിയുള്ളതും മഞ്ഞ നിറത്തിലുമുള്ള കഫമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. തുടരെ തുടരെ കഫം വർദ്ധിക്കുന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷണം. വിരലറ്റം തടിച്ച് വീർക്കുന്നതും കാണപ്പെടാം.
രോഗനിർണയം
വിശദമായ ശാരീരിക പരിശോധനയിലൂടെയും രോഗലക്ഷണ വിശകലനത്തിലൂടെയും രോഗനിർണയം നടത്താൻ കഴിയും. എക്സ്‌റേ പരിശോധന, സി.ടി സ്കാൻ, ഇ.സി.ജി, രക്ത പരിശോധന, പി.എഫ്.ടി എന്നിവ രോഗ വിശകലനത്തിനും ചികിത്സാ നിർണയത്തിനും വേണ്ടിവന്നേക്കാം.
ചികിത്സ
ആന്റിബയോട്ടിക്ക് ഉപയോഗവും കഫം ഫലപ്രദമായി പുറത്ത് കളയുകയുമാണ് ചികിത്സയുടെ കാതൽ. രോഗാണുബാധയുടെ തരം അനുസരിച്ചുള്ള ആന്റിബയോട്ടിക് ഉപയോഗം പ്രധാന്യം അർഹിക്കുന്നു. ശ്വാസംമുട്ടൽ ഉണ്ടെങ്കിൽ ഇൻഹേലർ സ്റ്റിറോയിഡുകളും രോഗം കഠിനമാകുന്ന അവസ്ഥകളിൽ ആവശ്യമാണ്.
കഫം ശരിയായി പുറത്ത് കളയാൻ ആവി കൊള്ളുന്നതും കഫം അലിയിപ്പിക്കുന്ന മ്യൂക്കോളിറ്റിക് മരുന്നുകളും സഹായകമാണ്. രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ രക്തം കലർന്ന കഫം ഉണ്ടാകാം. ഇതോടൊപ്പം ഹൃദയത്തെയും ബാധിക്കാം. ഇടവിട്ടുള്ള ആന്റിബയോട്ടിക് ഉപയോഗവും ന്യൂമോക്കോക്കൽ, ഇൻഫ്ളുവൻസാ വാക്സിനുകളും തുടരെയുള്ള രോഗാവസ്ഥ നിയന്ത്രിക്കാൻ ഉപയോഗിക്കാം.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
സംസ്ഥാന ആരോഗ്യവകുപ്പ്,
ഫോൺ: 9447162224.