കൊട്ടാരക്കര: മഴയായാൽ ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ നിറയെ ആളുകളുണ്ടാകും, ബസ് ഇറങ്ങിയാൽ ഓടിക്കയറാനുള്ള കാത്തിരിപ്പ് കേന്ദ്രം അപകട ഭീതി ഉണർത്തുന്നത് അത്ര പെട്ടെന്ന് ശ്രദ്ധിക്കില്ല. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ ഏത് നിമിഷവും വലിയ അപകടത്തിന് സാദ്ധ്യത വിളിച്ചോതുകയാണ് കാലപ്പഴക്കത്തിന്റെ ജീർണ്ണാവസ്ഥയിലുള്ള കാത്തിരിപ്പ് കേന്ദ്രം.
ദിവസവും നൂറുകണക്കിന് ആളുകളാണ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്നത്. ഇതിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് കമ്പികൾ ഇളകി മാറിയിട്ട് നാളേറെയായി. കോൺക്രീറ്റ് പാളികൾ ഇളകി വീഴുന്നുമുണ്ട്. ഭിത്തികൾക്കും തൂണുകൾക്കും ബലക്ഷയമായി. ഏത് നിമിഷവും ഇത് നിലംപൊത്താവുന്ന അവസ്ഥയിലാണ്. പകലാണെങ്കിൽ യാത്രക്കാരുടെ തലയിലേക്കാകും ഇത് പൊളിഞ്ഞു വീഴുക. രാത്രി കാലങ്ങളിൽ തെരുവ് ജീവിതങ്ങളും ഇതിന്റെ കീഴിലായി അന്തിയുറക്കത്തിനെത്തും.
പതിറ്റാണ്ടുകളുടെ പഴക്കത്തോടെ തീർത്തും ജീർണ്ണാവസ്ഥയിലായ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കാൻ ഇനിയും നടപടി ഉണ്ടാകുന്നില്ല. കൊട്ടാരക്കര നഗരസഭയുടെ അധീനതയിലാണ് ഈ കാത്തിരിപ്പ് കേന്ദ്രം. മാലിന്യം ഇതിന്റെ അകത്തും പുറത്തും അടിഞ്ഞുകൂടുന്നുമുണ്ട്. സന്ധ്യ മയങ്ങിയാൽ മദ്യപാനികൾ ഇവിടം താവളമാക്കുന്നതായും പരാതിയുണ്ട്. റെയിൽവേ സ്റ്റേഷൻ കവലയായതിനാൽ മറ്റ് സ്ഥലങ്ങളിൽ നിന്നും ട്രെയിൻ യാത്രയ്ക്ക് എത്തുന്നവരും കാത്തിരിപ്പ് കേന്ദ്രത്തെ ആശ്രയിക്കാറുണ്ട്.
പുതിയത് നിർമ്മിക്കണം
തകർച്ചയിലായ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കി പുതിയത് നിർമ്മിക്കാൻ നഗരസഭ പദ്ധതി തയ്യാറാക്കണം. ദേശീയ പാതയുടെ ഓരത്തായതിനാൽ പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാൻ സ്വകാര്യ ഏജൻസികളും തയ്യാറാകും. പരസ്യം പ്രചരിപ്പിക്കാൻ ഇടം നൽകിയാൽ സ്വകാര്യ കമ്പനികൾ കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് നൽകും. കൊല്ലം പട്ടണത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഹൈടെക് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചതും നിർമ്മാണം നടക്കുന്നതും സ്വകാര്യ ഏജൻസി പൂർണ്ണമായും സൗജന്യമായിട്ടാണ്. നിശ്ചിത കാലാവധിയിൽ പരസ്യം ഉപയോഗിക്കാൻ അനുവാദം നൽകുന്നുവെന്ന് മാത്രം. എന്തിരുന്നാലും അടിയന്തിരമായി പഴയ കാത്തിരിപ്പ് കേന്ദ്രം പൊളിച്ച് നീക്കണം.
നാട്ടുകാർ