കൊട്ടാരക്കര: "ഈ ഗതികേട് ഇനി എന്നുമാറും"- കൊട്ടാരക്കര - പുത്തൂർ റോഡിലെ യാത്രക്കാർ ഇത് ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇപ്പോഴും തോണി തിരുനക്കരയിൽത്തന്നെ! ഓരോ ദിവസവും റോഡ് കൂടുതൽ പരിതാപകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊട്ടാരക്കരയിൽ നിന്ന് പുത്തൂർവരെയുള്ള 9 കിലോമീറ്റർ ദൂരം യാത്ര ചെയ്യാൻ ഒരു മണിക്കൂറിൽ അധികം സമയം വേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.
അല്പം വേഗത്തിൽ പോയാൽ പുത്തൂരിലെത്തുമ്പോഴേക്കും വാഹനം തകരാറിലായിരിക്കും. ചെറുതും വലുതുമായ നൂറുകണക്കിന് കുഴികളാണ് റോഡ് നിറയെ. ഇതിൽ മഴവെള്ളം കെട്ടിനിൽക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ഓരോ ദിവസവും അപകടങ്ങളുണ്ടാകുന്നുണ്ട്. ഇടയ്ക്ക് കുറച്ച് ഭാഗം ടാറിംഗ് നടത്തിയിരുന്നു. ഇതും ഇളകാറായിട്ടുണ്ട്. നേരത്തേ ഉണ്ടായിരുന്ന ടാറിംഗ് ഇളക്കി മാറ്റിയതാണ് പലയിടങ്ങളിലും റോഡിന്റെ തകർച്ചയ്ക്ക് കാരണം. വേനൽക്കാലത്ത് നിർമ്മാണ ജോലികൾ നടത്താൻ അധികൃതർ തയ്യാറാകാത്തും സ്ഥിതി സങ്കീർണമാക്കി. വേനൽമാറി മഴ വന്നപ്പോൾ നിർമ്മാണം തുടങ്ങിയെങ്കിലും അത് കൂടുതൽ ദുരിതം സൃഷ്ടിച്ചു.
വാഹനങ്ങൾക്ക് സാരമായ തകരാർ
ഓട്ടോ തൊഴിലാളികളാണ് ഏറെ വിഷമം അനുഭവിക്കുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡിൽ ഓട്ടോയ്ക്ക് ഓട്ടം ലഭിക്കുന്നില്ല. ലഭിച്ചാൽത്തന്നെ പോയി വരുമ്പോഴേക്കും വാഹനം വർക്ക് ഷോപ്പിൽ കയറ്റേണ്ട ഗതികേടാണ്. മൈലേജ് കുറയുന്നതിനാൽ വേറെയും നഷ്ടം. ചെറു വാഹനങ്ങളെല്ലാം ഇത്തരം പ്രതിസന്ധികളിലാണ്. സ്വകാര്യ ബസുകൾ ഓട്ടം നിർത്തിവയ്ക്കാൻ ആലോചിച്ചിരുന്നെങ്കിലും ജീവനക്കാരുടെ വരുമാനം നിലയ്ക്കുമെന്ന വേവലാതിയിലാണ് ഇപ്പോഴും ഓട്ടം തുടരുന്നത്. മഴ മാറാത്തതിനാൽ കുഴികളിൽ മണ്ണിട്ട് നികത്താനും ആകുന്നില്ല. മണ്ഡലക്കാലം അടുക്കുമ്പോഴും റോഡ് ദുരിതാവസ്ഥയിൽ തുടരുന്നതിന്റെ ആശങ്കയിലാണ് നാട്ടുകാർ.
പുരോഗതി കലുങ്ക് നിർമ്മാണത്തിൽ മാത്രം
കലുങ്കുകളുടെ നിർമ്മാണത്തിൽ മാത്രമാണ് പുരോഗതി കൈവന്നത്. പാണ്ടറയിലും പത്തടിയിലും അവണൂരിലും കലുങ്കുകൾ പുതുതായി നിർമ്മിച്ചു. അവണൂർ പാലമുക്കിൽ കലുങ്ക് നിർമ്മാണം പാതിവഴിയിലാണ്. ടാറിംഗ് നടത്താതെ റോഡിന്റെ സ്ഥിതി മാറില്ല. മഴ വില്ലനായി ഇപ്പോഴും തുടരുകയുമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് ശാസ്താംകോട്ട - കൊട്ടാരക്കര- നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 20.80 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.