lory
തമിഴ്നാട്ടിൽ നിന്ന് ചരക്കുമായെത്തിയ ലോറി തെന്മല ഡാം ഡോറിൽ ഇടിച്ചു നിന്നതോടെ മറ്റൊരു ലോറിയിലേക്ക് സാധനങ്ങൾ മാറ്റുന്നു

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് തകർന്നതോടെ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതായി യാത്രക്കാരുടെ പരാതി. രണ്ട് ദിവസങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ 12പേർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 8.30ന് ഇടമൺ അണ്ടൂർപച്ചയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ യാത്രക്കാരായ നാല് പേർക്ക് പരിക്കേറ്റിരുന്നു. കുളത്തൂപ്പുഴയിൽ നിന്ന് പുനലൂരിലേക്ക് വന്ന ഓട്ടോയും എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. സമീപത്തെ കുഴി ഒഴിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് സമീപവാസികൾ പറയുന്നു. ബുധനാഴ്ച മാത്രം നടന്ന മൂന്ന് വാഹനാപകടങ്ങളിൽ എട്ട് പേർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിലെ ഇടമൺ യു.പി.എസ്.ജംഗ്ഷൻ വഴി കടന്ന് വന്ന കാറിൽ ലോറിയിടിച്ച് യാത്രക്കാരായ രണ്ട് പേർക്ക് നിസാര പരിക്കേറ്റിരുന്നു. അന്ന് രാത്രി 8.45ന് ഉറുകുന്ന് കനാൽ പാലത്തിന് സമീപത്ത് കെ.എസ്.ആർ.ടി.സി ബസിൽ ലോറി ഉരഞ്ഞ് ലോറി ഡ്രൈവർക്കും ബസ് യാത്രക്കാരായ അഞ്ച് പേർക്കുമാണ് പരിക്കേറ്റത്.

കുഴികൾ അപകടക്കെണിയാകുമ്പോൾ...

മഴ ശക്തമായതോടെ റോഡിൽ രൂപപ്പെട്ട വൻ കുഴികൾ അറിയാതെ എത്തുന്ന വാഹനങ്ങളാണ് അപകടങ്ങളിൽപ്പെടുന്നത്. എന്നാൽ ദേശീയ പാതയിലെ വാളക്കോട് മുതൽ റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ച് ഇന്റർ ലോക്ക് കട്ടകൾ പാകുന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മഴ തുടരുന്നത് ദേശീയ പാതയിലെ നവീകരണ ജോലികളെ ബാധിക്കുന്നതായി കരാറുകാർ പറയുന്നു. കുഴിയടപ്പ് അടക്കമുളള നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ വാഹനാപകടങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിക്കും.

ചരക്ക് ലോറി പാർശ്വഭിത്തിയിലിടിച്ച് നിന്നു: അപകടം ഒഴിവായി

ഇടമൺ യു.പി.സ്കൂൾ ജംഗ്ഷൻ, ഉറുകുന്ന് കനാൽ പാലത്തിന് സമീപം, തെന്മല ഡാം റോഡിലെ ഒന്നാം വളവ് എന്നവിടങ്ങളിലാണ് കൂടുതലും വാഹനാപകടങ്ങൾ നടക്കുന്നത്. ഇതിൽ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായെത്തിയ ലോറി തെന്മല ഡാം റോഡിലെ ഒന്നാം വളവിലെ പാർശ്വഭിത്തിയിൽ ഇടിച്ച് നിന്നെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റില്ല. (പടത്തിനുള്ളിലോ സമീപമോ ഒരു ബോക്സിട്ട് വെച്ചാൽ മതി)

2 ദിവസങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ പരിക്കേറ്റത് 12 പേർക്ക്

 ബുധനാഴ്ച മാത്രം നടന്ന 3 വാഹനാപകടങ്ങളിൽ പരിക്കേറ്റത് 8 പേർക്ക്