കൊല്ലം: കളക്ടർ പദവിയിൽ നാലുമാസം പൂർത്തിയാകും മുമ്പ് ബി. അബ്ദുൽ നാസറിനെ വയനാട്ടിലേക്ക് മാറ്റിയ നടപടി മരവിപ്പിച്ചേക്കുമെന്ന് സൂചന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ അബ്ദുൽ നാസർ ആസൂത്രണം ചെയ്ത കെ ഫോർ കെ ദേശീയ നിലവാരത്തിലുള്ള മത്സരങ്ങൾ വിഭാവനം ചെയ്തിരുന്നു. സ്പോൺസർഷിപ്പ് ഇനത്തിൽ പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
പ്രളയം ബാധിക്കാത്ത ജില്ലയെന്ന നിലയിൽ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞ പരിപാടിയായിരുന്നു ഇത്. ഇതിന്റെ പണം കണ്ടെത്തലും ദേശീയ ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. സേഫ് കൊല്ലം പദ്ധതിയും വിജയകരമായി മുന്നേറുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഥലംമാറ്റം എത്തിയത്. അദ്ദേഹത്തെ സ്ഥലം മാറ്റുന്നതിൽ ജില്ലയിലെ എം.എൽ.എമാർക്കും ജില്ലയിൽ നിന്നുള്ള രണ്ട് മന്ത്രിമാർക്കും വിയോജിപ്പുള്ളതായാണ് സൂചന. കളക്ടറേറ്റിൽ വരുന്ന സാധുക്കളോടും മുതിർന്ന പൗരന്മാരോടും കരുണാർദ്രമായുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഏറ്റവും ഒടുവിൽ സമൂഹ മാദ്ധ്യമങ്ങളിലും വൈറലായിരുന്നു.