പ്രധാന ജംഗ്ഷനായിട്ടും ബസ് കാത്ത് നിൽക്കാൻ തട്ടിക്കൂട്ട് തകര ഷെഡുകൾ, ഇരിപ്പിടവുമില്ല
ബസുകൾ യാത്രക്കാരെ കയറ്റുന്നത് നടുറോഡിൽ നിറുത്തി
കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ യാത്രക്കാർക്ക് അധികൃതരുടെ വക 'നിൽപ്പ് ശിക്ഷ'. കൊല്ലം, തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്റ്റോപ്പുകളിൽ തട്ടിക്കൂട്ട് ബസ് ഷെൽട്ടറുകളുണ്ടെങ്കിലും യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യമില്ല. കണ്ണനല്ലൂർ റോഡിൽ ബസ് ഷെൽട്ടറിൽ നിന്ന് ഏറെ അകലെയാണ് ബസുകൾ നിറുത്തുന്നത്. മയ്യനാട് റോഡിൽ ബസ് ഷെൽട്ടറേയില്ല.
സ്‌കൂൾ - കോളേജ് വിദ്യാർത്ഥികളടക്കം ദിവസേന ആയിരങ്ങളാണ് കൊട്ടിയം ജംഗ്ഷനിൽ ബസ് കയറാനെത്തുന്നത്. കണ്ണനല്ലൂർ, മയ്യനാട് എന്നിവിടങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊല്ലം ഭാഗത്തേക്ക് പോകാനുള്ളവരും കൊട്ടിയത്തിറങ്ങിയ ശേഷമാണ് ബസ് കയറുന്നത്.
കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിലേക്കുള്ള ബസ് ഷെൽട്ടറുകളിൽ വിരലിലെണ്ണാവുന്ന യാത്രക്കാർക്ക് നിൽക്കാനുള്ള ഇടമേയുള്ളു. കണ്ണനല്ലൂരിലേക്കുള്ള ബസ് ഷെൽട്ടറാകട്ടെ ബസുകൾ നിറുത്തുന്നിടത്ത് നിന്ന് ഇരുന്നൂറ് മീറ്ററോളം അകലെയാണ്. മയ്യനാട് റോഡിൽ ബസ് ഷെൽട്ടർ ഇല്ലാത്തതിനാൽ നടുറോഡിൽ നിറുത്തിയാണ് ബസുകൾ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്. നാല് റോഡുകളിലേക്കുമുള്ള യാത്രക്കാർ മഴനനഞ്ഞും പൊരിവെയിലേറ്റുമാണ് ബസ് കാത്തുനിൽക്കുന്നത്.
തദ്ദേശ സ്ഥാപനങ്ങൾക്ക് കൊട്ടിയത്തോട് അവഗണന
കൊട്ടിയം ജംഗ്ഷനോട് തദ്ദേശ സ്ഥാപനങ്ങൾ പുലർത്തുന്ന അവഗണനയാണ് ബസ് യാത്രികർ അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് കാരണം. ജംഗ്ഷൻ മൂന്ന് പഞ്ചായത്തുകളുടെ അതിർത്തിയായതിനാൽ ആരും വേണ്ടത്ര ആത്മാർത്ഥത പുലർത്തുന്നില്ല. തിരുവനന്തപുരം ഭാഗത്തേക്കുള്ള ബസ് ഷെൽട്ടർ ആദിച്ചനല്ലൂർ പഞ്ചായത്തിന്റെയും കൊല്ലം, മയ്യനാട് ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ മയ്യനാട് പഞ്ചായത്തിന്റെയും കണ്ണനല്ലൂർ റൂട്ടിലേത് തൃക്കോവിൽവട്ടം പഞ്ചായത്തിന്റെയും പരിധിയിലാണ്.
കൊട്ടിയം ജംഗ്ഷനിൽ ബസ് ഷെൽട്ടറുകൾക്ക് മുന്നിലല്ല ബസുകൾ നിറുത്തുന്നത്. മഴ പെയ്യുമ്പോൾ നൂറ് മീറ്ററിലേറെ ദൂരം മഴ നനഞ്ഞ് ഓടിയാലേ ബസുകളിൽ കയറാനാകൂ. ഒന്നുകിൽ ബസുകൾ നിറുത്തുന്നിടത്ത് ബസ് ഷെൽട്ടർ നിർമ്മിക്കണം. അല്ലെങ്കിൽ ബസ് ഷെൽട്ടറുകൾക്ക് മുന്നിൽ ബസുകൾ നിറുത്താനുള്ള ഇടപെടൽ നടത്തണം. കൂടുതൽ യാത്രക്കാർക്ക് ഇരിക്കാനുള്ള സൗകര്യത്തിന് പുറമെ ആധുനിക സംവിധാനങ്ങളും ഏർപ്പെടുത്തണം.
ഗിരീഷ് കരിക്കട്ടഴികം (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയം യൂണിറ്റ്)