e-governance
E Governance

കൊല്ലം: സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ നിലനിൽക്കുന്ന മെല്ലെപ്പോക്കിനും കൈക്കൂലിക്കും കടിഞ്ഞാണിട്ട് കൊല്ലം നഗരസഭ ഇ ഗവേണൻസിലേക്ക്. അപേക്ഷകൾ ഫ്രണ്ട് ഓഫീസ് വഴി സ്വീകരിക്കുകയും സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുകയും ചെയ്യുന്ന ഇ ഗവേണൻസ് സംവിധാനം നാളെ വൈകിട്ട് 4ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്ന് മേയർ വി. രാജേന്ദ്രബാബു അറിയിച്ചു.

ഇ ഗവേണൻസ് സംവിധാനം വരുന്നതോടെ അപേക്ഷകർ സെക്ഷനുകളിൽ കയറിയിറങ്ങുന്ന അവസ്ഥ ഒഴിവാകും. അപേക്ഷകൾ സ്വീകരിക്കുന്നതിനായി രണ്ട് കോടി രൂപ ചെലവഴിച്ച് ഫ്രണ്ട് ഓഫീസ് സജ്ജീകരിച്ചു. 1.75 കോടി ചെലവിൽ എല്ലാ ജീവനക്കാർക്കും കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയെന്നും മേയർ പറഞ്ഞു.

 അപേക്ഷ നൽകാൻ ഇനി പുത്തൻ സൗകര്യം

ഇ ഗവേണൻസ് സംവിധാനം ഏർപ്പെടുത്തുന്നതോടെ എല്ലാ അപേക്ഷകളും ഫ്രണ്ട് ഓഫീസിലാകും സ്വീകരിക്കുക. ഇവിടെ നിന്ന് സ്കാൻ ചെയ്ത് ഓൺലൈനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിലേക്കെത്തും. ഫയൽ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെ മേയർക്കും സെക്രട്ടറിക്കും വകുപ്പ് മേധാവികൾക്കും ഓൺലൈൻ സംവിധാനം വഴി വേഗത്തിൽ കണ്ടെത്താനുമാകും.

അപേക്ഷയിൽ എന്തെങ്കിലും സംശയം ഉണ്ടാകുമ്പോഴോ തീർപ്പാകുമ്പോഴോ അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തും. ഒരുമാസത്തിനുള്ളിൽ അപേക്ഷകന് അപേക്ഷയുടെ സ്ഥിതി മനസിലാക്കാനുള്ള സംവിധാനവും നിലവിൽ വരും.

 106 കുടുംബങ്ങൾക്ക് ഒന്നരലക്ഷം

കൊല്ലം നഗരസഭയിലെ പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതിയുടെ ആദ്യ നാല് ഡി.പി.ആറുകളിൽ ഉൾപ്പെട്ടിരുന്നവർക്ക് 2.5 ലക്ഷം രൂപ വീതമാണ് നൽകിയിരുന്നത്. സംസ്ഥാന സർക്കാരും നഗരസഭയും ഒന്നര ലക്ഷം രൂപ കൂടി നൽകി ധനസഹായം 4 ലക്ഷമായി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 106 കുടുംബങ്ങൾക്ക് അധിക സഹായമായ ഒന്നരലക്ഷം രൂപ വീതം 4ന് മന്ത്രി എ.സി. മൊയ്തീൻ വിതരണം ചെയ്യും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം നഗരസഭാ ഓഫീസിന്റെ മുൻഭാഗത്ത് നിർമ്മിച്ച പാർക്കിന്റെ ഉദ്ഘാടനവും ഇതേ ദിവസം മന്ത്രി നിർവഹിക്കുമെന്ന് മേയർ വി. രാജേന്ദ്രബാബു അറിയിച്ചു.

 കെ. രവീന്ദ്രനാഥൻ നായർക്ക് നഗരസഭയുടെ ആദരവ്

കലാ സാംസ്‌കാരിക രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ കെ. രവീന്ദ്രനാഥൻ നായരെ നഗരസഭ ആദരിക്കുന്നു. 5ന് വൈകിട്ട് 5.30ന് സി. കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജു അദ്ധ്യക്ഷനാകും. ജനറൽ പിക്ചേഴ്സിന്റെ ബാനറിൽ കെ. രവീന്ദ്രനാഥൻ നായർ നിർമ്മിച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, അഭിനേതാക്കളായ ശാരദ, ജലജ, നെടുമുടി വേണു, കവിയൂർ പൊന്നമ്മ തുടങ്ങിയവരും പങ്കെടുക്കും. തുടർന്ന് പ്രമുഖ ഗായകർ അണിനിരക്കുന്ന സംഗീതാർച്ചനയും നടക്കും.