കരുനാഗപ്പള്ളി: കെ.പി.എം.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ സംഘടിപ്പിച്ചു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് കൈമാറുക, പി.എസ്.സിയുടെ സംവരണ അട്ടിമറി തടയുക, ഭൂരഹിതരായ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർക്ക് 6 ഏക്കർ ഭൂമി വീതം നൽകുക, ഭൂമി വാങ്ങാൻ 5 ലക്ഷവും വീട് വയ്ക്കാൻ 10 ലക്ഷം രൂപയും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
കരുനാഗപ്പള്ളി മുനിസിപ്പൽ ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് തട്ടാശ്ശേരിൽ രാജു, കെ.പി.എം.എസ് നേതാക്കളായ മാധവൻകുട്ടി, തഴവ കൃഷ്ണൻകുട്ടി, ശാന്തമ്മ യശോധരൻ, ഉഷാ രാധാകൃഷ്ണൻ, യശോധ രാജൻ, ഗീതാ ചന്ദ്രദാസ്, കൊച്ചയ്യത്തു കുമാരൻ, പുഷ്പാംഗദൻ, യശോധരൻ വെള്ളായണിപ്പാടം തുടങ്ങിയവർ പ്രസംഗിച്ചു.