കരുനാഗപ്പള്ളി: കഥകളി കലാകാരൻമാരുടെ കൂട്ടായ്മയായ കളിവിളക്കിന്റെ ആഭിമുഖ്യത്തിൽ 8 നാൾ നീണ്ട് നിൽക്കുന്ന ചൊല്ലിയാട്ടത്തിന് കന്നേറ്റി ധന്വന്തരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ തുടക്കമായി. കഥകളിയിലെ സവിശേഷ സന്ദർഭങ്ങളുടെ ചൊല്ലിയാട്ടമാണ് നിർവഹിക്കുന്നത്. സാധാരണക്കാർക്ക് കഥകളി പ്രാപ്യമാക്കുകയെന്നതാണ് ചൊല്ലിയാട്ടം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യം, മാർഗ്ഗിയുടെ മുൻ പ്രിൻസിപ്പൽ ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള എന്നിവരാണ് ചൊല്ലിയാടുന്നത്. മാർഗ്ഗി സെക്രട്ടറി എസ്.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഡോ. കണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ കുരുമ്പോലിൽ, വി.പി. ലീലാകൃഷ്ണൻ, ജയറാം ചെറുകോൽ, പ്രൊഫ. കൈപ്പുഴ നീലകണ്ഠൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു. ഇന്ന് രാവിലെ 9 മണി മുതൽ സുഭദ്രാഹരണം, ബകവധം, കാലകേയവധം എന്നീ ആട്ടക്കഥകളെ കുറിച്ച് ചൊല്ലിയാടും.