photo
തകർന്ന് കിടക്കുന്ന പാവുമ്പാ ഷാപ്പ് മുക്ക് - കണ്ണഞ്ചാൽ റോഡ്

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: തഴവ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്നതും വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്നതുമായ പാവുമ്പാ ഷാപ്പ് മുക്ക് - കണ്ണഞ്ചാൽ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. ടാറിംഗ് ഇളകിയതിനെ തുടർന്ന് ഭാഗികമായി തകർന്ന് കുണ്ടും കുഴിയുമായ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാണെന്ന് നാട്ടുകാർ പറയുന്നു. 8 വർഷങ്ങൾക്ക് മുമ്പാണ് ജില്ലാ പഞ്ചായത്ത് റോഡ് അവസാനമായി ടാർ ചെയ്തത്. ഇതിന് ശേഷം റോഡിൽ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല. നിലവിൽ റോഡിന്റെ മിക്ക ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴ സമയത്ത് മഴവെള്ളം നിറഞ്ഞു കിടക്കുന്ന കുഴികളിൽപ്പെട്ട് വാഹനാപകടങ്ങളുണ്ടാകുന്നത് പതാവ് കാഴ്ചയാണ്. നിരവധി തവണ ത്രിതല പഞ്ചായത്തുകൾക്ക് നാട്ടുകാർ നിവേദനങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. 2 കിലോമീറ്ററോളം ദൈർഘ്യം വരുന്നറോഡിന്റെ വശങ്ങളിലായി 100 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ഗ്രാമ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ ഷാപ്പ് മുക്കിൽ എത്തിച്ചേരാനുള്ള ഏക മാർഗമാണ് ഈ റോഡ്.

8 വർഷത്തിന് മുമ്പാണ് ജില്ലാ പഞ്ചായത്ത് റോഡ് അവസാനമായി ടാർ ചെയ്തത്

2 കിലോമീറ്ററോളം ദൈർഘ്യം വരുന്ന റോഡിന്റെ വശങ്ങളിലായി 100 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്

റോഡ് നന്നാക്കാൻ ധർണ

റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ അധികൃതർ കാട്ടുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് പാവുമ്പാ സിറാജുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് ധർണ നടത്തി. ധർണ കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂണിയൻ സെക്രട്ടറി ഖലീലുദ്ദീൻ പൂയപ്പള്ളി ഉദ്ഘാടനം ചെയ്തു. അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാവുമ്പാ ഷാജഹാൻ, മുഹമ്മദ് ഷെറീഫ് അഹ്സനി, ഖാദർകുഞ്ഞ്, ഖരീംകുഞ്ഞ് മൈതീൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.

വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല
റോഡിന്റെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് റോഡിന്റെ തകർച്ചയുടെ പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. തഴവ ഗ്രാമ പഞ്ചായത്തിന്റെ 6,7, 8 വാർഡുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്.

ശ്രീനാരായണ പബ്ളിക് സ്കൂൾ, ക്രിസ്ത്യൻപള്ളി, സിറാജുൻ മുസ്ലിം പള്ളി തുടങ്ങിയവയെല്ലാം റോഡിന്റെ വശങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. വിദ്യാർത്ഥികളുമായി സ്കൂൾ ബസുകൾ ഏറെ പണിപ്പെട്ടാണ് റോഡിലെ കുഴികൾ താണ്ടി സ്കൂളിലെത്തുന്നത്.