കൊല്ലം: വാളയാർ പീഡനക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് ചുറ്റും മനുഷ്യ ചങ്ങല തീർത്തു. നൂറ് കണക്കിന് പ്രവർത്തകർ കണ്ണികളായി.
സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി ഡി.ജി.പി തരം താഴ്ന്നിരിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്ത രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. പെരുമ്പാവൂരിൽ പെൺകുട്ടി കൊല്ലപ്പെട്ടപ്പോൾ പ്രായപൂർത്തിയായ പെൺകുട്ടികളുടെ അമ്മമാർ തലയിണയ്ക്കടിയിൽ വെട്ടുകത്തി വച്ച് മാത്രമേ ഉറങ്ങാവൂ എന്നാണ് പിണറായിയും കൂട്ടരും അന്ന് പറഞ്ഞത്. അവർ അധികാരത്തിലെത്തിയപ്പോൾ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങളുടെയും പീഡനങ്ങളുടെയും പരമ്പരയാണ്. പൊലീസിന്റെ ക്രൂരമായ നിഷ്‌ക്രിയത്വവും സി.പി.എമ്മുകാരായ പ്രതികളെ സംരക്ഷിക്കാനുള്ള വ്യഗ്രതയുമാണ് വാളയാർ സംഭവത്തിലെ പ്രതികളെ കോടതി വിട്ടയയ്ക്കാൻ ഇടയാക്കിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.രാജൻ, എ. ഷാനവാസ്ഖാൻ, എൻ. അഴകേശൻ, ജി. പ്രതാപവർമ്മതമ്പാൻ, ജി. രതികുമാർ, എം.എം. നസീർ, പ്രയാർ ഗോപാലകൃഷ്ണൻ, എഴുകോൺ നാരായണൻ, ഇ. മേരിദാസൻ, സി.ആർ. നജീബ്, നെടുങ്ങോലം രഘു, തങ്കച്ചി പ്രഭാകരൻ, രമാരാജൻ, കോയിവിള രാമചന്ദ്രൻ, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി നായർ, കെ.ജി. രവി, പ്രേംരാജ്, ബിന്ദുജയൻ, വിഷ്ണു വിജയൻ, ബിജു ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. ഡി.സി.സി സെക്രട്ടറി സന്തോഷ് തുപ്പാശ്ശേരി സ്വാഗതം പറഞ്ഞു.