കൊല്ലം: ഓട്ടോയ്ക്കുള്ളിൽ മറന്നുവച്ച യാത്രക്കാരന്റെ അരലക്ഷം രൂപ അടങ്ങിയ ബാഗ് മടക്കിനൽകി ഓട്ടോ ഡ്രൈവർ. ഉമയനല്ലൂർ പ്രമീളാലയത്തിൽ സുരേഷാണ് ഉടമസ്ഥനെ തേടിപ്പിടിച്ച് കണ്ടെത്തി മാതൃകയായത്.
ജില്ലാ ട്രഷറിയിൽ നിന്ന് പെൻഷൻ വാങ്ങിവന്ന വയോധികനെ ബിഷപ്പ് ജെറോം നഗറിന് മുൻവശം ഇറക്കി അൽപദൂരം സഞ്ചരിച്ച ശേഷമാണ് വണ്ടിയിൽ ബാഗിരിക്കുന്നത് സുരേഷിന്റെ ശ്രദ്ധയിൽപ്പെട്ടത്. തിരികെ ജെറോം നഗറിലെത്തി തിരഞ്ഞെങ്കിലും യാത്രക്കാരനെ കണ്ടെത്താനായില്ല. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 50000 രൂപയും ബാങ്ക് പാസ്ബുക്കും ശ്രദ്ധയിൽപ്പെട്ടു.പാസ് ബുക്കിലെ വിലാസം നോക്കി ഉടമയുടെ വീട് കണ്ടെത്തി പണം കൈമാറുകയായിരുന്നു. കല്ലുംതാഴം പാൽക്കുളങ്ങര അമ്പലത്തിന് സമീപം താമസിക്കുന്ന ഹരിദാസിന്റേതായിരുന്നു ബാഗ്. വീട്ടിലെത്തിയ ശേഷമാണ് ബാഗിന്റെ ഉടമയായ ഹരിദാസ് റിട്ട. എസ്.പിയാണെന്ന് സുരേഷ് തിരിച്ചറിഞ്ഞത്.
വിവരമറിഞ്ഞ സിറ്റി പൊലീസ് കമ്മിഷണർ പി.കെ മധു സുരേഷിനെ ഓഫീസിലേക്ക് വിളിച്ച് അനുമോദനപത്രം നൽകി ആദരിച്ചു. 54 വയസ്സുള്ള സുരേഷിന്റെ ഒരു വൃക്ക കാൻസർ രോഗബാധയെത്തുടർന്ന് നീക്കം ചെയ്തിരുന്നു.കശുഅണ്ടി ഫാക്ടറി തൊഴിലാളിയായ പ്രമീളയാണ് ഭാര്യ.മകൻ അരുൺ സാരഥി മോട്ടോഴ്‌സ് തൊഴിലാളിയും മകൾ ആര്യ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.