pathanapuram
വിദേശമദ്യവുമായി പിടിയിലായ പ്രതികൾ

പത്തനാപുരം: വിദേശമദ്യ വിൽപ്പനശാലകൾക്ക് അവധിയുള്ള ദിവസങ്ങളിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ മൂന്നുപേരെ എക്സൈസ് സംഘം പിടികൂടി. കിണറ്റിൻകര ഭാഗ്യലക്ഷ്മിഭവനിൽ ഭാസ്കരൻ പിള്ള, മകൻ സുരേഷ് ബാബു, കൈലാസത്തിൽ പുത്തൻവീട്ടിൽ മധുസൂദനൻ പിള്ള എന്നിവരാണ് പിടിയിലായത്.

പത്ത് ലിറ്റർ വിദേശമദ്യവും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. കുന്നിക്കോട് കിണറ്റിങ്കര ഭാഗങ്ങൾ കേന്ദ്രികരിച്ച് അനധികൃത മദ്യവിൽപ്പന വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് എക്സൈസ് സംഘം നടത്തിയ സ്പെഷ്യൽ റെയ്‌ഡിലാണ് പ്രതികൾ പിടിയിലായത്. കുന്നിക്കോട് എക്സൈസ് ഇൻസ്‌പെക്ടർ ബെന്നി ജോർജ്ജ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. രാജേഷ് , ജി.സുരേഷ്‌കുമാർ, സിവിൽ എക്സെസ് ഓഫീസർമാരായ എസ്.എസ്. അരുൺകുമാർ, ടി.എസ്. സുനിൽ, രോഹിണി എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.