ts-kanal
കമ്പനിയിലൂടെ വരുന്ന കനാൽ ടി.എസ്. കനാലിലേക്ക് ഒഴുകുന്ന ഭാഗം

കൊല്ലം : ടി.എസ് കനാലിൽ കോവിൽത്തോട്ടം -ചവറ ഭാഗങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. കെ.എം.എം.എൽ കമ്പനിയിലൂടെ കടന്നു വരുന്ന ഓടയിലൂടെ രാത്രിയിൽ മഴയുടെ മറവിൽ ആസിഡ് കലർന്ന രാസമാലിന്യങ്ങൾ ടി.എസ്. കനാലിലേക്ക് ഒഴുക്കി വിടുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതിനും കനാലിലെ വെള്ളത്തിന്റെ നിറം മാറ്റത്തിനും ഇത് കാരണമാകുന്നെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് ഇത്തരത്തിൽ ആസിഡ് കലർന്ന മാലിന്യം വലിയ അളവിൽ പുറത്തേയ്ക്ക് ഒഴുക്കി വിട്ടതാണ് ചിറ്റൂർ പ്രദേശം ജനവാസ യോഗ്യമല്ലാതാകാൻ കാരണം.

കെ.എം.എം.എൽ കമ്പനിയിൽ നിന്ന് കുഴൽ മാർഗം സ്ഥിരമായി കടലിലേയ്ക്ക് ഇത്തരത്തിലുള്ള മാലിന്യം പമ്പ് ചെയ്ത് വിടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഒരു സർക്കാർ ഏജൻസിയും ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ല. ഈ പ്രദേശത്ത് കടൽ ജലത്തിന് നിറവ്യത്യാസമുണ്ടെന്നും മത്സ്യങ്ങൾ കുറവാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

ടി.എസ്. കനാലിലേക്ക് മാലിന്യം ഒഴുക്കി വിട്ടട്ടില്ലെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. ടി.എസ് കനാലിന്റെ പരിസരത്തുള്ള മത്സ്യത്തൊഴിലാളികൾ ചത്ത് പൊങ്ങിയ മത്സ്യങ്ങൾ കോരു വലകൾ ഉപയോഗിച്ച് കരയ്ക്കെത്തിച്ച് മാർക്കറ്റുകളിൽ എത്തിച്ചപ്പോൾ പൊലീസെത്തി ഇത് വിപണനം ചെയ്യുന്നത് വിലക്കിയിരുന്നു. കനാലിൽ മാലിന്യത്തിന്റെ സാന്നിദ്ധ്യം ഇല്ലെങ്കിൽ വില്പന വിലക്കിയത് എന്തിനാണെന്ന് നാട്ടുകാർ ചോദിക്കുന്നു. പ്രദേശത്തെ സ്കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ പ്രതിഷേധവുമായി കനാൽ തീരത്തെത്തി.