ഓച്ചിറ: എൽ.പി സ്‌കൂൾ കുട്ടികൾക്കുള്ള പ്രഭാതഭക്ഷണം പദ്ധതി ജില്ല മുഴുവൻ നടപ്പാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി. രാധാണി പറഞ്ഞു. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് 2019, 20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള 'പ്രഭാത ഭക്ഷണം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വരവിള ഗവ. എൽ.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി മോഹൻ, ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വരവിള മനേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊല്ലടിയിൽ രാധാകൃഷ്ണൻ, എഫ്. റഷീദാബീവി, ക്ലാപ്പന ഷിബു, സെക്രട്ടറി കെ. സുശീന്ദ്രൻ, ഹെഡ്മിസ്ട്രസ് എൽ. ജലജ എന്നിവർ സംസാരിച്ചു.