കൊല്ലം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം, സമ്മതിദാനാവകാശം, വിമാന ടിക്കറ്റ് വർദ്ധന തുടങ്ങിയ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാനും പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനും അടിയന്തര നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പ്രവാസികാര്യ സഹമന്ത്റി വി. മുരളീധരൻ പറഞ്ഞു. കേരളാ പ്രവാസി വെൽഫെയർ അസോസിയേഷൻ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുരോഗതിക്ക് സമഗ്ര സംഭാവന നൽകിയിട്ടുള്ള പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുക, തൊഴിൽ നഷ്ടപ്പെട്ട് വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് സർക്കാർ ജോലി നേടാൻ അവസരമൊരുക്കും വിധം ജോലി സംവരണവും വയസിളവും അനുവദിക്കുക, 60 വയസ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക, രാഷ്ട്രീയ പ്രാതിനിധ്യം ഉറപ്പാക്കുക, സ്വയം തൊഴിൽ പദ്ധതികൾക്ക് ഉദാര സമീപനം കൈക്കൊള്ളുക തുടങ്ങിയ പത്ത് ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആരാമം സുരേഷ് കൊല്ലത്തെത്തിയ മന്ത്റിക്ക് നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ പി. തൊടിയൂർ, ജില്ലാ പ്രസിഡന്റ് സുദർശനൻ, ജില്ലാ സെക്രട്ടറി സി. ഗൗതമൻ, കെ.ആർ. മോഹൻ തുടങ്ങിയവർ പങ്കെടുത്തു.