കൊല്ലം: മാലിന്യം വലിച്ചെറിയരുതെന്ന സന്ദേശവുമായി കേരളപ്പിറവി ദിനത്തിൽ കൊല്ലം കോർപ്പറേഷൻ സംഘടിപ്പിച്ച ശുചിത്വ മഹാറാലി നഗരത്തിന് നവ്യാനുഭവമായി. നഗരത്തിലെ വിവിധ ഡിവിഷനുകളിൽ നിന്ന് പൊതുജനങ്ങൾ, സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ സംഘടന സ്ഥാപന പ്രതിനിധികൾ എന്നിവരടക്കം റാലിയിൽ അണിനിരന്നു.
ആശ്രാമം മൈതാനിയിൽ നിന്നാരംഭിച്ച റാലിയിൽ തെയ്യം, പ്രച്ഛന്ന വേഷങ്ങൾ, മുത്തുക്കുട, ചെണ്ടമേളം, ബാന്റ്മേളം, പഞ്ചവാദ്യം, ഫ്‌ളോട്ട്, മറ്റ് കലാരൂപങ്ങൾ എന്നിവ മാറ്റുകൂട്ടി. ശുചിത്വ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഹരിത കേരള ഗാനങ്ങളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കാണാൻ പാതയോരത്ത് ധാരാളംപേർ എത്തിയിരുന്നു. കുടുംബശ്രീ, ഹരിത കർമ്മ സേന, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകൾ, ബുള്ളറ്റ് ക്ലബ് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, സാമൂഹ്യസാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരുടെ സാന്നിധ്യം റാലിയെ സമ്പന്നമാക്കി.
റാലി സമാപിച്ച കന്റോൺമെന്റ് മൈതാനത്ത് നടന്ന സമാപന ചടങ്ങിൽ മേയർ വി രാജേന്ദ്രബാബു ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. സത്താർ, എസ്. ഗീതാകുമാരി, പി.ജെ. രാജേന്ദ്രൻ, ചിന്ത.എൽ. സജിത്ത്, ഷീബ ആന്റണി, ടി.ആർ. സന്തോഷ്‌കുമാർ, വി.എസ്. പ്രിയദർശനൻ, കൗൺസിലർമാർ, സെക്രട്ടറി എ.എസ്. അനുജ, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശിരീഷ് കേശവൻ, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ജി. സുധാകരൻ, കെ.എം.സി.എസ്.യു പ്രസിഡന്റ് എൻ.എസ്. ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി.