jamath
കേരളാ മുസ്‌ലിം ജമാ അത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗത്തിൽ പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷ പ്രസംഗം നടത്തുന്നു.

കൊല്ലം: ഇന്ത്യൻ ഭരണഘടനയെയും ജനതയെയും സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ-മതേതര കക്ഷികളും ഭിന്നതകൾ മറന്ന് ഒന്നിക്കണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി യോഗം ആഹ്വാനം ചെയ്തു.
പലമതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ ഇന്ത്യയിൽ ഹിന്ദുരാഷ്ട്രവാദം അപകടകരമാണ്.
വഖ്ഫ് ട്രൈബൂണലിന്റെ ബെഞ്ചുകൾ കൊല്ലത്തും തിരുവനന്തപുരത്തും പുനസ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അബ്ദുൽ നാസർ മഅ്ദനിക്ക് മാനുഷിക നീതി ഉറപ്പിക്കാൻ നിയമസഭയിൽ പ്രമേയം പാസാക്കി മറ്റു സത്വര നടപടികൾ സ്വീകരിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ലോക മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ലജ്‌നത്തുൽ മുഅല്ലിമീൻ നടത്തുന്ന പൗരത്വ സംരക്ഷണ റാലിയും പൗരാവകാശ സമ്മേളനവും വമ്പിച്ച വിജയമാക്കാൻ മഹല്ല് ജമാഅത്തുകളോട് ആഹ്വാനം ചെയ്തു.
കാശ്മീരിനെ വെട്ടിമുറിച്ച് ഇന്ത്യൻ മതേതരത്വത്തിനും സാമുദായിക സൗഹാർദ്ദത്തിനും ക്ഷതംവരുത്തുന്ന നടപടികളിൽ നിന്ന് ഇന്ത്യാഗവൺമെന്റ് പിന്തിരിയണമെന്നും അല്ലാത്തപക്ഷം ജുഡീഷ്വറി മുൻകൈയ്യെടുത്ത് രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കണമെന്നും പ്രമേയം പാസ്സാക്കി.
കൊല്ലം ഡി.സി.സി പ്രസിഡന്റും അരനൂറ്റാണ്ടിലധികം എം.എൽ.എ, എം.പി, സംസ്ഥാന മന്ത്രി, കേന്ദ്ര മന്ത്രി, ഗവർണർ എന്നീ പദവികൾ വഹിക്കുകയും ചെയ്ത എ.എ.റഹീമിന്റെ പേര് കൂടി പുതുക്കിപ്പണിത കൊല്ലം ഡി.സി.സി. ഓഫീസിന് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കൊല്ലത്ത് നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.കെ.പി.മുഹമ്മദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു. എ.യൂനുസ്‌കുഞ്ഞ്, പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, എം.എ.സമദ്, കെ.എച്ച് മുഹമ്മദ് മൗലവി, ആസാദ് റഹീം, കണ്ണനല്ലൂർ നിസാമുദ്ദീൻ, മേക്കോൺ അബ്ദുൽ അസീസ്, എസ്.നാസർ, തൊടിയിൽ ലുക്ക്മാൻ, നാസിമുദ്ദീൻ മന്നാനി, കായംകുളം ജലാലുദ്ദീൻ മൗലവി, കടയ്ക്കൽ ജുനൈദ്, നാസർ കുഴിവേലിൽ, മൈലക്കാട് ഷാ, പുല്ലമ്പാറ താജുദ്ദീൻ, പാലച്ചിറ താജുദ്ദീൻ, കുന്നിക്കോട് എം.എ.മജീദ്, ഉമർക്കണ്ണ് കരുവ എന്നിവർ പ്രസംഗിച്ചു.