c
സി.ഐ.റ്റി.യു

കൊല്ലം: കേരള പിറവിദിനമായ ഇന്നലെ സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ പ്രഭാതഭേരി മുഴക്കി പതാക ഉയർത്തി. തൊഴിലാളികൾ ജാഥയായി ഓരോ കേന്ദ്രത്തിലും എത്തിയാണ് പതാക ഉയർത്തിയത്.
കശുവണ്ടി, മത്സ്യം, മോട്ടോർ, തോട്ടം മേഖലിൽ എല്ലാ തൊഴിലിടങ്ങളിലും പതാക ഉയർത്തി. നവംബർ 11, 12 തീയതികളിൽ കൊല്ലത്താണ് ജില്ലാ സമ്മേളനം.
കൊല്ലം ചിന്നക്കടയിൽ സി.ഐ.റ്റി.യു ജില്ലാ സെക്രട്ടറി എസ്.ജയമോഹനും, സി.ഐ.റ്റി.യു ജില്ലാകമ്മിറ്റി ആഫീസിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ:ഇ.ഷാനവാസ്ഖാനും പതാക ഉയർത്തി. വിവിധ ഏരിയാ കേന്ദ്രങ്ങളിൽ സി.ഐ.റ്റി.യു നേതാക്കൾ പതാക ഉയർത്തി.

തൊഴിൽ മത്സരങ്ങൾ

ഇന്ന് തുടങ്ങും.

കൊല്ലം: സി.ഐ.റ്റി.യു ജില്ലാ സമ്മേളനത്തോടുനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന തൊഴിൽ മത്സരങ്ങൾ ഇന്നു തുടങ്ങും. ആര്യങ്കാവ് അമ്പനാട്ട് നടക്കുന്ന തേയില നുള്ള് മത്സരം സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. നാളെ അഞ്ചാലുംമൂട്ടിൽ കയർപിരി മത്സരവും 4ന് കശുവണ്ടി തല്ല് മത്സരവും കുണ്ടറയിലും നടക്കും. മത്സരങ്ങൾ സി.ഐ.റ്റി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും, ജില്ലാ സെക്രട്ടറി എസ്.ജയമോഹനും ഉദ്ഘാടനം ചെയ്യും.

കശുവണ്ടി സമരം കൂടുതൽ

ഫാക്ടറികളിൽ വ്യാപിച്ചു.

കൊല്ലം: നിയമപരമായ കൂലിയും പൂർണ്ണ ഡി.എയും ആവശ്യപ്പെട്ട് കാഷ്യൂ സെന്റർ നേതൃത്വത്തിൽ നടക്കുന്ന കൂലി ബഹിഷ്‌കരണ സമരം കൂടുതൽ ഫാക്ടറികളിൽ വ്യാപിച്ചു. ഓയൂർ എം.എസ്.കാഷ്യൂ ഫാക്ടറിയിൽ കരിങ്ങന്നൂർ മുരളിയും സെന്റ് മേരീസ് കാഷ്യൂവിൽ തങ്കപ്പൻ ഉണ്ണിത്താനും, ഓണമ്പലം സെന്റ് മേരീസിൽ യോശുദാസനും, കരിക്കോട് സതേൺ ഫാക്ടറിൽ കെ.സുഭഗവനും സെന്റ് മേരീസ് മൺട്രോത്തുരുത്തിൽ ബഷീറും ഫാക്ടറി പടിക്കൽ നടന്ന വിശദീകരണ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.

ബാങ്ക് ശാഖകൾ

പൂട്ടുന്നതിൽ പ്രതിഷേധം

കൊല്ലം: ശാഖകൾ വ്യാപകമായി അടച്ചുപൂട്ടാനുള്ള ബാങ്ക് ഓഫ് ബറോഡ മാനേജ്‌മെന്റ് നീക്കത്തിൽ പ്രതിഷേധിച്ചും അടുത്തടുത്തുള്ള ശാഖകൾ ലൈസൻസ് ഏരിയായിൽ അനുയുക്തമായ പ്രദേശത്ത് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും, ആൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് കോൺഫിഡറേഷനും (ഐബോക്ക്) സംയുക്തമായി കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
കൊല്ലം ജില്ലയിൽ ബാങ്ക് ഓഫ് ബറോഡയുടെ കൊല്ലം ശാഖയ്ക്ക് മുന്നിലും കരുനാഗപ്പള്ളിയിൽ വിജയാ ബാങ്ക് ശാഖയ്ക്ക് മുന്നിലും പ്രതിഷേധ പ്രകടനം നടത്തി. കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിന് ബെഫി ജില്ലാ സെക്രട്ടറി ജി.സതീഷ്, ഐബോക്ക് ജില്ലാ രതീഷ്‌കുമാർ, എം.സുരേഷ്, അജേഷ്ഹക്ക് എന്നിവർ നേതൃത്വം നൽകി.