കൊല്ലം: കയർ ഭൂവസ്ത്രം ഉപയോഗിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കണമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. കയർ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന 'മണ്ണ് ജല സംരക്ഷണത്തിനും റോഡ് നിർമാണത്തിനും കയർ ഭൂവസ്ത്ര വിതാനം' ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
തോടുകളും കനാലുകളും കരകവിഞ്ഞ് വെള്ളക്കെട്ടാവുന്ന സ്ഥിതിക്ക് പരിഹാരമായി കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കണം. പഞ്ചായത്തുകളിലെ പദ്ധതികളിൽ അടിയന്തരമായി കയർ ഭൂവസ്ത്രം ഉൾപ്പെടുത്തണം. പാറപൊട്ടിച്ചും മലകൾ നശിപ്പിച്ചുമുള്ള പഴയ വികസന മാതൃക ഒഴിവാക്കി പ്രകൃതിക്ക് അനുയോജ്യമായ നടപടികൾ സ്വീകരിക്കണം. പലയിടങ്ങളിലും ഇതോടെ പാറ ഉപയോഗിക്കാത്ത തീരസംരക്ഷണമാകുമെന്നും മന്ത്രി പറഞ്ഞു.
എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതൽ കയർ ഉൽപ്പാദനം നടത്തിയ കയർ സംഘങ്ങൾക്കുള്ള അവാർഡ് ദാനം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറും ഏറ്റവും കൂടുതൽ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തുകൾക്കുള്ള ആദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണിയും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.സന്തോഷ്, കൊല്ലം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒ. മീനാകുമാരി അമ്മ, പ്രോജക്ട് ഓഫീസർ ഇ. ബെനഡിക്ട് നിക്സൺ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ - ഓർഡിനേറ്റർ എ. ലാസർ, ടി.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു.