പുനലൂർ: തകർച്ചയിലായ അലിമുക്ക് - അച്ചൻകോവിൽ വനപാതയുടെ നവീകരണം അനന്തമായി നീളുന്നത് മൂലം കല്ലാർ ഫോറസ്റ്റ് റെയ്ഞ്ചോഫീസിന് സമീപത്തെ ചുട്ടിപ്പാറയിലെ കലുങ്ക് തകർന്ന് വീഴുകയും ഇത് വഴിയുളള ഗതാഗതം പൂർണമായും നിശ്ചലമാവുകയും ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവം. ഇതുവഴി ലോറി കടന്ന് പോയതിന് ശേഷമാണ് പഴയ കലുങ്ക് തകർന്ന് വീണത്. ഇതോടെ പുനലൂരിൽ നിന്ന് അലിമുക്ക് വഴി അച്ചൻകോവിലെത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങൾ ആദിവാസി കോളനിക്ക് സമീപത്ത് വരെയെത്തിയ ശേഷം തിരികെ മടങ്ങുന്നത് അച്ചൻകോവിലിലെ മലയോര നിവാസികളെ ദുരിതത്തിലാക്കി. അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷനിലെ അച്ചൻകോവിൽ മുതൽ ചിറ്റാർ വരെയുള്ള ഭാഗത്തെ അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് നവീകരണം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഇവിടെ മെറ്റൽ ഇറക്കിയതല്ലാതെ ഒരു പണിയും ആരംഭിച്ചിട്ടില്ലെന്ന് മലയോരവാസികൾ പറയുന്നു. ഈ ഭാഗത്തെ കലുങ്കാണ് ഇന്നലെ രാവിലെ തകർന്ന് വീണത്. എന്നാൽ പുനലൂർ, കോന്നി ഫോറസ്റ്റ് ഡിവിഷനുകളിലെ വനപാത നവീകരണം 80 ശതമാനത്തോളം പൂർത്തിയായി. ചുട്ടിപ്പാറ കലുങ്ങ് തകർന്ന് വീണതോടെ അച്ചൻകോവിൽ നിവാസികൾ 72 കിലോമീറ്ററുകൾ സഞ്ചരിച്ച് ചെങ്കോട്ട വഴി പുനലൂരും തിരിച്ചും എത്തേണ്ട ഗതികേടിലാണിപ്പോൾ.
ഗതാഗാതം നിലയ്ക്കാനുള്ള കാരണം
ചുട്ടിപ്പാറ കലുങ്കിന് സമാന്തരമായി തടിയും മണ്ണും ഉപയോഗിച്ച് പുതിയ ചപ്പാത്ത് പണിതിരുന്നു. കലുങ്ക് പുനർ നിർമ്മിക്കുമ്പോൾ ഇതുവഴി വാഹനങ്ങൾ കടത്തി വിടാനായിരുന്നു പദ്ധതി. എന്നാൽ അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന്ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു. ഇതാണ് ഗതാഗാതം പൂർണമായും നിലയ്ക്കാനുള്ള മുഖ്യകാരണം.
തീർത്ഥാടകർ വലയും
വനപാത നവീകരണം നീളുന്നതു മൂലം മണ്ഡല, മകരവിളക്ക് കാലത്ത് അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിലെത്തേണ്ട തീർത്ഥാടകരും വലയും. തമിഴ്നാട്ടിൽ നിന്നെത്തുന്ന അയ്യപ്പഭക്തർ അച്ചൻകോവിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് ചെങ്കോട്ട വഴി ചുറ്റാതെ വാഹനങ്ങളിൽ വനപാതയിലൂടെ അലിമുക്കിൽ എത്തിയ ശേഷമാണ് ശബരിമലയ്ക്ക് പോകുന്നത്.
13.5 കോടി രൂപ
15 വർഷമായി തകർന്ന് കിടന്ന വനപാതയിൽ പുതിയ പാലങ്ങളും കലുങ്ങുകളും നിർമ്മിച്ച ശേഷം റീ ടാറിംഗ് നടത്തി റോഡ് ഗതാഗത യോഗ്യമാക്കി മാറ്റാൻ നബാർഡിൽ നിന്ന് 13.5 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ ശ്രമഫലമായാണ് നബാർഡിൽ നിന്ന് വനം വകുപ്പിന് തുക അനുവദിച്ചത്. തുടർന്ന് കരാർ നൽകിയെങ്കിലും ഇതിൽ അച്ചൻകോവിൽ-ചിറ്റാർ റീച്ചിലെ നിർമ്മാണ ജോലികളാണ് അനന്തമായി നീളുന്നത്.
അച്ചൻകോവിലിലെ ആദിവാസികൾ അടക്കമുള്ള 1500 ഓളം കുടുംബങ്ങളാണ് കലുങ്ക് തകർന്നത് മൂലം ദുരിതത്തിലായത്
കനത്ത മഴയാണ് നവീകരണ ജോലികൾക്ക് തടസമായത്. ഇന്നലെ തകർന്ന് വീണ ചുട്ടിപ്പാറ കലുങ്ങിന് സമാന്തരമായി പണിത ചപ്പാത്ത് ഉടൻ പുനർ നിർമ്മിക്കും
അച്ചൻകോവിൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ