ഓച്ചിറ: കുട്ടികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർത്തുന്നതിൽ അംഗൻവാടികളുടെ പ്രവർത്തനം ശ്രദ്ധേയവും അനുകരണീയവുമാണെന്ന് സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം സി.ആർ. മഹേഷ് അഭിപ്രായപ്പെട്ടു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം വാർഡിലെ ആറാം നമ്പർ അംഗൻവാടിക്ക് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വരവിള മനേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊല്ലടിയിൽ രാധാകൃഷ്ണൻ, ക്ലാപ്പന ഷിബു, എ. ഷാജഹാൻ, എ. ഷാജി, സെക്രട്ടറി കെ. സുശീന്ദ്രൻ, സി.ഡി.പി.ഒ റമീജീയസ്, സൂപ്പർവൈസർ എ. ലില്ലികുട്ടി, വർക്കർ ഡി. ഷീജ എന്നീവർ പ്രസംഗിച്ചു. സമ്മേളനാന്തരം കുട്ടികളുടെ കലാപരിപാടികളും നടന്നു.