ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ വാർഡിലെ റോഡുകൾക്കിരുവശവും കാടുമൂടിയതോടെ നാട്ടുകാർ ഭീതിയിൽ. കാട്ടുമുള്ളുകൾ ഉൾപ്പെടെ റോഡിന് ഇരുവശവും ഒരാൾ പൊക്കത്തിലേറെ കാടുപിടിച്ചതിനാൽ കാൽനട യാത്രപോലും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
പന്ത്രണ്ട് മീറ്റർ വീതിയുള്ള റോഡുകളിൽ ഒരു വാഹനത്തിന് പോലും കടന്നുപോകാൻ പറ്റാത്ത അവസ്ഥയിൽ കാട് പടർന്ന് പിടിച്ചിരിക്കുകയാണ്. കാൽനടയാത്രികർക്ക് ഒരു വാഹനം വന്നാൽ ഒഴിഞ്ഞുനിൽക്കാൻ കഴിയില്ല. കാടുപിടിച്ച പ്രദേശങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാകുന്നുണ്ട്. പോളച്ചിറ എസ്.വൈ.എസ്.യു.പി സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ റോഡുകൾ കാടുമൂടി ഇഴജന്തുക്കളുടെ താവളമായതോടെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഭീതിയോടെയാണ് സഞ്ചരിക്കുന്നത്.
കർഷകർക്ക് ഏറെ പ്രയോജനപ്രദമായ കുഴുപ്പിൽ ഏലായ്ക്ക് പടിഞ്ഞാറേക്കരയിലെ ബണ്ട് റോഡ് ഒരാൾക്ക് നടന്ന് പോലും പോകാൻ പറ്റാത്ത തരത്തിലാണ് കാടുമൂടികിടക്കുന്നത്. പ്രദേശത്ത് പലയിടങ്ങളിലും തെരുവുവിളക്കുകൾ ഇല്ലാത്തതും ഉള്ള തെരുവുവിളക്കുകൾ കത്താത്തതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുകയാണ്.
തകർന്നടിഞ്ഞ് റോഡുകൾ
വാർഡിലെ പ്രധാന റോഡുകളായ പോളച്ചിറ കൂനംകുളം ബണ്ട് എക്രോസ് റോഡും, ഒഴുകുപാറ കൂനംകുളം റോഡും തകർന്നടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിട്ടുമുണ്ട്. കൂനിൻമേൽ കുരു പോലെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ കൂടി പൊട്ടിയതോടെ റോഡുകൾ വെള്ളക്കെട്ടിലാണ്. ഗുരുകുലം ക്ഷേത്രം - കുഴുപ്പിൽ റോഡ് വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് തകർന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പൈപ്പ് ലൈൻ സ്ഥാപിച്ച് മാനദണ്ഡങ്ങൾ പാലിക്കാതെ കുഴിമൂടുകയും മഴയത്ത് മൂടിയ മണ്ണെല്ലാം ഒഴുകി പോകുകയും ചെയ്തതോടെയാണ് ഈ റോഡ് സഞ്ചാര യോഗ്യമല്ലാതായത്.