march
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചു​റ്റും ലഹരി പദാർത്ഥങ്ങൾ വിതരണം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇരവിപുരം അസംബ്ലി കമ്മി​റ്റിയുടെ നേതൃത്വത്തിൽ കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്

 പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കൊല്ലം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചു​റ്റുമുള്ള ലഹരി പദാർത്ഥങ്ങളുടെ വിപണനം തടയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഇരവിപുരം അസംബ്ലി കമ്മി​റ്റിയുടെ നേതൃത്വത്തിൽ കൊല്ലം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കെ.എസ്.യു സംസ്ഥാന സെക്രട്ടറി ആദർശ് ഭാർഗ്ഗവൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഇടതുസർക്കാർ പുതുതായി 500ലേറെ ബാറുകൾ തുറക്കാൻ അനുമതി നൽകിയിട്ട് നവംബർ ഒന്ന് മുതൽ ജനുവരി 30 വരെ 90 ദിവസം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചരണം നടത്തുന്നത് ശുദ്ധതട്ടിപ്പാണെന്ന് ആദർശ് ഭാർഗ്ഗവൻ പറഞ്ഞു.

ലാൽ ബഹാദൂർ സ്​റ്റേഡിയത്തിന് മുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. ഓഫീസിനുളളിലേക്ക് തളളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്​റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു അസംബ്ലി കമ്മി​റ്റി പ്രസിഡന്റ് നസ്‌ഫൽ കലതിക്കാട് മാർച്ചിന് നേതൃത്വം വഹിച്ചു. യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ പി. ജർമ്മിയാസ്, എസ്. വിപിനചന്ദ്രൻ, മുൻ കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഫൈസൽ കുളപ്പാടം, ആഷിക് ബൈജു, മുൻ സംസ്ഥാന സെക്രട്ടറിമാരായ കുരുവിള ജോസഫ്, വിനു മംഗലത്ത്, യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽ സെക്രട്ടറിമാരായ ഷെഫീഖ് കിളികൊല്ലൂർ, ആർ.എസ്. അബിൻ, അസൈൻ പള്ളിമുക്ക്, അനിൽകുമാർ, ശരത് കടപ്പാക്കട തുടങ്ങിയവർ സംസാരിച്ചു.

കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ പിന്നീട് ജാമ്യത്തിൽ വിട്ടു.