kudumba-sangamam
വെൺപാലക്കര കന്നുമ്മൽ കുടുംബ സംഗമം കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം, ഐ. സലിൽ കുമാർ, വി.മീനകേതനൻ, അമൽ മണിലാൽ, എസ്. അജിലാൽ, എ .വിജയലാൽ, കെ.ആർ.ഹരിലാൽ എന്നിവർ സമീപം

കൊല്ലം: വെൺപാലക്കര കന്നുമ്മൽ കുടുംബസംഗമം നാടിന്റെ ഒത്തുചേരലായി. കന്നുമ്മൽ ടി.കെ. രാഘവൻ മുതലാളിയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമായി നൂറുകണക്കിനുപേർ സംബന്ധിച്ചു. വിവിധ പ്രായക്കാരായ കുടുംബാംഗങ്ങളുടെ ഒത്തുചേരൽ നവ്യാനുഭവമാണ് പകർന്നു നൽകിയത്.

കന്നുമ്മൽ കുടുംബ വീട്ടുവളപ്പിൽ നടന്ന സംഗമം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ തലമുറ ആദ്ധ്യാത്മിക വിഷയങ്ങളിലുള്ള പരിമിതമായ അറിവ് മൂലം ജീവിതത്തിലെ വെല്ലുവിളികൾ കരുത്തോടെ നേരിടേണ്ട അവസരങ്ങളിൽ ദു‌ർബ്ബലരായി മാറുന്നുവെന്ന് എസ്. രാധാകൃഷ്ണൻ പറഞ്ഞു. ഭൗതിക വസ്തുക്കളിലുള്ള ആസക്തി മൂലം വിവര സാങ്കേതിക വിദ്യയിലും മറ്റും അവർക്ക് ഉയർന്ന അറിവുണ്ടാകാം. ആദ്ധ്യാത്മിക കരുത്താർജ്ജിക്കുകയാണ് ജീവിതത്തിലെ വെല്ലുവിളികൾ കരുത്തോടെ നേരിടാനുള്ള ഏക പോംവഴി. വിദ്യാഭ്യാസപരമായും ഔദ്യോഗികമായും പലരും ഉന്നത തലങ്ങളിലെത്തിയാലും ആദ്ധ്യാത്മിക കരുത്തിന്റെ അഭാവം മൂലം അവരിൽ പ്രബുദ്ധത കാണാനാകാതെ വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആശാൻ ഫൗണ്ടേഷൻ ചെയർമാൻ അജിത് നീലികുളം അദ്ധ്യക്ഷത വഹിച്ചു. കായംകുളം എം.എസ്.എം കോളേജ് കോമേഴ്സ് വിഭാഗം മുൻ മേധാവി നിസാർ കാത്തുംഗൽ, ശാരദാവിലാസിനി വായനശാല സെക്രട്ടറി ഐ. സലിൽകുമാർ എന്നിവർ പ്രസംഗിച്ചു. മീനകേതനൻ, ധനഞ്ജയൻ, അമ്മുക്കുട്ടി ധനഞ്ജയൻ, തുളസീധരൻ, അജിലാൽ തട്ടാമല, അമൽ മണിലാൽ, ശാരദാവിസാലിനി വായനശാല പ്രസിഡന്റ് മധു എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ ധനസഹായ വിതരണവും നടന്നു. ആർഷ അജിത്, അമീഷ അജിത് എന്നിവരുടെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അമൽ മണിലാൽ സ്വാഗതവും കെ.ആർ. ശിവലാൽ നന്ദിയും പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം സ്നേഹവിരുന്നും കുടുംബാംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.