prd3
പച്ച കച്ചേരിയുടെ ഭാഗമായി കളക്ടറേറ്റ് അങ്കണത്തിലെ എയ്റോപോണിക്സ് കൃഷി ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഭൂമിയില്ലാത്തവർക്ക് എങ്ങനെ മികച്ച കൃഷിത്തോട്ടം ഒരുക്കാമെന്ന് അറിയണമെങ്കിൽ കൊല്ലം കളക്‌ട്രേറ്റിലേക്ക് വരാം. ചുറ്റും പൊത്തുകളുള്ള പൈപ്പ്തൂണിൽ നിറയെ പച്ചക്കറികൾ തളിർത്ത് നിൽക്കുന്നത് ഇവിടെ കാണാം. കൃഷി വകുപ്പിന്റെ സഹകരണത്തോടെ ഹരിതകേരളമിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച 'പച്ചക്കച്ചേരി ' പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിത്തോട്ടം നിർമ്മിക്കുന്നത്. മണ്ണില്ലാ കൃഷി അഥവാ എയ്റോപോണിക്‌സ് എന്ന നൂതന കൃഷി സമ്പ്രദായമാണ് നടപ്പാക്കുന്നത്.

ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ജോസഫ് പേരയിൽ, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സോണിയ, ഫീൽഡ് ഓഫീസർ ആർ. രാമചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ വി. പ്രമോദ് തുടങ്ങിയവർ സന്നിഹതരായിരുന്നു.

എന്താണ് എയ്റോപോണിക്‌സ് ?

ചെടികൾക്കാവശ്യമായ പോഷണങ്ങൾ ചേർത്ത വെള്ളം അക്വാറിയത്തിലെ ചെറിയ മോട്ടോർ ഉപയോഗിച്ച് നിരന്തരമായി ഒഴുക്കിയാണ് ഈ കൃഷി ചെയ്യുന്നത്. ചെടികളെ താങ്ങിനിർത്താൻ ചരൽകല്ലുകൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.
നനയ്ക്കാൻ സമയമില്ലാത്തവർക്കും വീട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നവർക്കും ആശ്വാസമാണ് തിരിനനകൃഷി. ചെടിച്ചട്ടിയുടെ താഴെയുള്ള ടാങ്കിലെ വെള്ളം ചെറുതിരിയിലൂടെ കടത്തിവിടുന്ന രീതിയാണ് ഇത്.