ഓച്ചിറ: നിർമ്മാണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വവ്വാക്കാവ് - മണപ്പള്ളി റോഡിന്റെ ശനിദശ അവസാനിക്കുന്നില്ല. വവ്വാക്കാവ് മുതൽ മണപ്പള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നത്. 2017-18 ബഡ്ജറ്റിൽ റോഡിനായി ഫണ്ട് വകയിരുത്തിയെങ്കിലും പല കാരണങ്ങളാൽ പണി നീണ്ടുപോവുകയായിരുന്നു. 5.5 മീറ്റർ വീതിയിലാണ് റോഡ് ടാർ ചെയ്യേണ്ടതെങ്കിലും പലഭാഗത്തും പകുതിഭാഗം മാത്രമേ പണി പൂത്തിയാക്കിയിട്ടുള്ളൂ. ബി.എം.ബി.സി രീതിയിലാണ് നിർമ്മാണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പലഭാഗങ്ങളിലായി 700 മീറ്റർ നീളത്തിൽ ഓടയും പണിയുന്നുണ്ട്.
അഴിമതിയും മെല്ലെപ്പോക്കും ആരോപിച്ച് വവ്വാക്കാവ് - മണപ്പള്ളി റോഡിന്റെ നിർമ്മാണം പല തവണ പ്രദേശവാസികൾ തടഞ്ഞിരുന്നു. എസ്റ്റിമേറ്റിൽ നിർദ്ദേശിച്ചിരുന്നതിലും കനം കുറഞ്ഞ കമ്പിയാണ് സ്ലാബ് നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ മതിയായ അളവിലല്ല സിമന്റ് ഉപയോഗിച്ചതെന്നും ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരാണ് നിർമ്മാണം തടഞ്ഞത്. ഓട നിർമ്മിക്കുന്ന സ്ഥലത്ത് നിന്ന് നൂറോളം ലോഡ് മണൽ കരാറുകാരൻ കടത്തിയതായും ആരോപണമുണ്ട്. നിർമ്മാണസ്ഥലത്ത് നിന്ന് 60 കിലോമീറ്റർ അകലെയുള്ള വടശ്ശേരിക്കരയിൽ നിന്നാണ് ടാർ മിശ്രിതം കൊണ്ടുവരുന്നത്. കനത്ത ഗതാഗതക്കുരുക്ക് കടന്ന് വവ്വാക്കാവിൽ എത്തുമ്പോഴേക്കും ടാർ മിക്സറിന് മതിയായ ചൂട് ഇല്ലാത്തതിനാൽ ടാറിംഗിന്റെ ക്വാളിറ്റി മോശമാകുമെന്ന് നാട്ടുകാർ പറയുന്നു.
ദേശീയ പാതയിൽ നിന്ന് കിഴക്കൻ മേഖലകളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന റോഡുകളിൽ ഒന്നായ വവ്വാക്കാവ് മണപ്പള്ളി റോഡിൽ അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ആനക്കുഴി പാലം വീതികൂട്ടി പുതുക്കിപ്പണിയണം. പാലത്തിന്റെ വീതി കുറവ് അപകടങ്ങൾക്ക് കാരണമാകും. പ്രധാന ജംഗ്ഷനുകളിലെ വെള്ളക്കെട്ടിന് ഉടൻ പരിഹാരം ഉണ്ടാക്കണം.
(സലീം അമ്പീത്തറ- തഴവ ഗ്രാമ പഞ്ചായത്തംഗം)
ആനക്കുഴിപ്പാലത്തിന്റെ പുനർനിർമ്മാണം
അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ആനക്കുഴിപ്പാലത്തിന്റെ പുനർനിർമ്മാണം നടത്താമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും അതിനായി ഒരു നീക്കവും ഉണ്ടായിട്ടില്ല . തഴവ, കുലശേഖരപുരം പഞ്ചായത്തുകളെ വേർതിരിക്കുന്ന പാറ്റുവേലിൽ തോടിന് കുറുകെയാണ് ആനക്കുഴിപ്പാലം സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള പാലത്തിന്റെ വീതി വളരെ കുറവായതിനാൽ ആധുനിക രീതിയിൽ നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണം പൂർത്തിയായാലും അപകടങ്ങളുടെ എണ്ണം വർദ്ധിക്കും.
വവ്വാക്കാവ് മുതൽ മണപ്പള്ളി വരെ 4 കിലോമീറ്റർ ദൂരത്തിൽ 3.85 കോടി രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനർ നിർമ്മാണം നടത്തുന്നത്.
ഓടയുടെ ഉയരം റോഡ് നിരപ്പിലാക്കണം
പുതിയ ടാറിംഗ് പൂർത്തിയായ സ്ഥലങ്ങളിൽ റോഡിന്റെ ഉയരം കൂടിയതിനാൽ മുല്ലശ്ശേരിൽ മുക്ക്, പിച്ചനാട്ട് ജം, കറുത്തേരിൽ ജം എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. പുനർ നിർമ്മിച്ചപ്പോൾ റോഡിന്റെ ഉയരം കൂടിയതിനാൽ ഉപറോഡുകളിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുന്ന ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. പഴയ ഓടയും പുതിയ റോഡും തമ്മിലുള്ള ഉയര വ്യത്യാസം കാരണം നിരവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. ഓടയുടെ ഉയരം റോഡ് നിരപ്പിലാക്കി സ്ലാബുകൾ പാകിയെങ്കിൽ മാത്രമേ അപകടങ്ങൾ കുറയുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.