പുനലൂർ: കൊല്ലം-തിരുമംഗലം ദേശീപാതയിൽ പാൽ കയറ്റിയെത്തിയ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞുരുന്ന സഹോദരങ്ങളിൽ ഒരാൾ മരിച്ചു. ഇടമൺ ചെറുതന്നൂർ മണ്ണടിശേരിയിൽ വീട്ടിൽ സന്തോഷ്, സന്ധ്യ ദമ്പതികളുടെ മകനും, പുനലൂരിലെ ഒരു സ്വകാര്യ കോളേജിലെ രണ്ടാം വർഷം ബി.കോം വിദ്യാർത്ഥിയുമായ സനൽ എന്ന സൽമോൻ സന്തോഷാണ്(19) മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഇളയ സഹോദരനും 9-ാംക്ലാസ് വിദ്യാർത്ഥിയുമായ സനു എന്ന സഫിൻ സന്തോഷ്(14) പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി 8.30ഓടെ ദേശീയപാതയിലെ ഇടമൺ സത്രം ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരെയും പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും സൽമോൻ ഇന്നലെ മരിച്ചു. ഇടമണിൽ നിന്ന് ഇറച്ചി വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്നെത്തിയ പാൽ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചത്. പാൽ ലോറി എതിർ ദിശയിൽ നിന്നെത്തിയ മറ്റെരു കാറിൽ ഉരസിയത് സംബന്ധിച്ച് തർക്കം നടക്കുന്നതിനിടെയായിരുന്നു അപകടം. റോഡിൻെറ ഒരു ഭാഗത്ത് നിറുത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് പാർക്കിംഗ് ലൈറ്റുകൾ ഇല്ലാതിരുന്നതിനാൽ ബൈക്ക് യാത്രികർക്ക് പെട്ടെന്ന് ലോറി കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് സമീപവാസികൾ പറഞ്ഞു.