പത്തനാപുരം; അകാരണമായി ജീവനക്കാര പിരിച്ചുവിട്ട മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ സ്യകാര്യ ബസ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി. പുനലൂർ, പത്തനാപുരം , പത്തനംത്തിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് ശനിയാഴ്ച പണിമുടക്കി പ്രതിഷേധിച്ചത്. അപ്രതീക്ഷിത പണിമുടക്ക് യാത്രക്കാരെ വലച്ചു. രണ്ടാഴ്ച മുമ്പ് സ്യകാര്യ ബസ് ജീവനക്കാരായ മനോജ്, ഗിരീഷ്, സജു എന്നിവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടങ്കിലും മാനേജ്‌മെന്റ് തയ്യാറായില്ല. തുടർന്നാണ് ഓൾ കേരള വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 46 ഓളം ജീവനക്കാർ പണിമുടക്കിയത്. ഇതോടെ 32 ബസുകളാണ് സർവീസ് നിറുത്തിവച്ചത്. പുനലൂർ - പത്തനംതിട്ട റൂട്ടിൽ ഇതേ മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിൽ 45 ലധികം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. തുടർന്ന് മാനേജ്‌മെന്റും യൂണിയൻ പ്രതിനിധികളും പത്തനാപുരം സർക്കിൾ ഇൻസ്‌പെക്ടർ എം. അൻവറിന്റെയും അഡ്വ. എസ്. മധുവിന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. പിരിച്ചു വിട്ട ജീവനക്കാരെ തിരിച്ചെടുക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.