കൊട്ടാരക്കര: നൂറ്റാണ്ടുകളുടെ ശേഷിപ്പും കുളക്കടയുടെ മുഖശ്രീയുമായിരുന്ന മണ്ഡപം ഓർമ്മയിലേക്ക്. ഇതിന് സമീപത്തെ പൊതു കിണറും ഒപ്പം സ്ഥലമൊഴിയുകയാണ്. നാട്ടുകൂട്ടം നടന്നിരുന്ന കളിത്തട്ടിന് പുതുതലമുറയോട് പറയാൻ രാജഭരണത്തിന്റെയും നീതി നടത്തിപ്പിന്റെയും ഏറെ കഥകളുണ്ട്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ സുരക്ഷാ ഇടനാഴി നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡപവും കിണറും നീക്കം ചെയ്യുന്നത്. വികസനത്തിന് അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ നാട്ടുകാർ ഒടുവിൽ പച്ചക്കൊടി കാട്ടുകയായിരുന്നു. മണ്ഡപം പൊളിച്ച് മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. രാജഭരണകാലത്ത് നിർമ്മിച്ചതാണ് മണ്ഡപവും കിണറും. വലിപ്പച്ചെറുപ്പമില്ലാതെ ഇപ്പോഴും നാട്ടുകാർ വിശ്രമിക്കുന്ന കേന്ദ്രവുമാണിത്. മണ്ണടി, കുളക്കട ക്ഷേത്രങ്ങളിലെ ഉത്സവ എഴുന്നള്ളത്ത് വേളകളിൽ ഈ കളിത്തട്ടിൽ വിശേഷാൽ പൂജകളും മറ്റും നടന്നിരുന്നു.
പുനർ നിർമ്മിക്കും
പാരമ്പര്യത്തിന്റെ അടയാളമായി നിന്നിരുന്ന കളിത്തട്ട് അതേപടി റോഡിന് പടിഞ്ഞാറ് ഭാഗത്ത് പുനസ്ഥാപിക്കാമെന്നാണ് അധികൃതരുടെ ഉറപ്പ്. അതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് നാട്ടുകാർ. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം നടത്തുക. കെ.എസ്.ടി.പി ഇതിനായി ഫണ്ട് നീക്കി വച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാൽ പുത്തൂരിൽ മണ്ഡപം പുനർ നിർമ്മിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാളിതുവരെ നടന്നിട്ടില്ലെന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.