a
കരീപ്ര പഞ്ചായത്ത് തരിശുരഹിത പ്രഖ്യാപനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിക്കുന്നു

എഴുകോൺ: കരീപ്ര പഞ്ചായത്തിനെ തരിശ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. ആകെയുള്ള 1856 ഹെക്ടർ കൃഷിഭൂമിയിൽ 1826 ഹെക്ടറിലും കൃഷി ചെയ്തതിലൂടെയാണ് കരീപ്ര ഈ നേട്ടം കൈവരിച്ചത്. ഇതോടെ തരിശ് രഹിത പഞ്ചായത്തുകളുടെ പട്ടികയിൽ സംസ്ഥാനത്തെ അഞ്ചാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമായ പഞ്ചായത്തായി കരീപ്ര മാറി. പൂതക്കുളവും പെരിനാടുമാണ് ജില്ലയിലെ മറ്റ് തരിശുരഹിത ഗ്രാമങ്ങൾ.

കരീപ്ര എം.എൻ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ പി. ഐഷാപോറ്റി എം.എൽ.എ കരീപ്രയെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹുമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി മികച്ച പാടശേഖര സമിതികളെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ മികച്ച കർഷകരെയും ആദരിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ എസ്. ഐസക് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബ്ലസി പദ്ധതി വിശദീകരിച്ചു.

ഹരിത കേരള മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് ഹരിപ്രിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി. ജെസി, കെ. സുമ, ജെ.ആർ. അമ്പിളി, എസ്. ബിന്ദു, എസ്. ഗീതാകുമാരി, ബി. രമാദേവി, രാജൻബാബു, ബി.എസ്.ഹരീഷ്, പഞ്ചായത്ത് അംഗങ്ങൾ, ഏലാ സമിതി ഭാരവാഹികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കേരകർഷക സമിതി ഭാരവാഹികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഒാഫീസർ എസ്. സീന സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബി. ബാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.

ഇത് കരീപ്രയുടെ നേട്ടങ്ങൾ

01. 140 ഹെക്ടറിൽ നെൽക്കൃഷി

02. 502 ഹെക്ടറിൽ തെങ്ങുകൃഷി

03. 155 ഹെക്ടറിൽ വാഴ

04. 120 ഹെക്ടറിൽ കിഴങ്ങുവിളകൾ

05. 48 ഹെക്ടറിൽ കുരുമുളക്

06. 28 ഹെക്ടറിൽ പച്ചക്കറിക്കൃഷി

07. 688 ഹെക്ടറിൽ റബർ

08. 31 ഹെക്ടറിൽ കശുമാവ്

09. ശേഷിക്കുന്ന ഭൂമിയിൽ ഫലവർഗങ്ങൾ