പാരിപ്പള്ളി: ശ്രീനാരായണ ദർശനങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന മൂന്ന് പ്രസ്ഥാനങ്ങളാണ് ശിവഗിരിമഠവും എസ്.എൻ.ഡി.പി യോഗവും കേരളകൗമുദിയും എന്ന് എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞു. കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെയും ആഭിമുഖ്യത്തിൽ ഒഴുകുപാറ ശാഖയിൽ സംഘടിപ്പിച്ച ജനനി നവരത്ന മഞ്ജരി പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവ കൃതിയായ ജനനി നവരത്ന മഞ്ജരിയുടെ വേദാന്ത രഹസ്യം ചമത്കാരപൂർവം പ്രതിപാദിക്കാൻ പഠന ക്ലാസ് സഹായകമാകുമെന്നും അദ്വൈത ദർശനമാണ് ഗുരുദർശനത്തിന്റെ അടിസ്ഥാനമെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.
തുടർന്ന് കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ പഠന ക്ലാസ് നയിച്ചു. യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് രാജീവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് സജീവ്, കൗൺസിലർ സുജയ്കുമാർ,നെടുങ്ങോലം ശാഖാ അഡ്മിനിസ്ട്രേറ്റർ സത്യദേവൻ, രവീന്ദ്രൻ ,വനിതാസംഘം ഭാരവാഹികളായ ഷൈലജ, സുശീല എന്നിവർ സംസാരിച്ചു.