b
കരീപ്ര പാട്ടുപുരയ്ക്കൽ ഏലയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ

എഴുകോൺ: ജില്ലയിലെ പ്രധാന നെല്ലുൽപ്പാദക കേന്ദ്രങ്ങളിൽ ഒന്നായ കരീപ്ര തളവൂകോണം പാട്ടുപുരയ്ക്കൽ ഏലായിൽ വൻതോതിൽ കക്കൂസ് മാലിന്യം തള്ളി. ഇന്നലെ പുലർച്ചെ 2നാണ് നെല്ലിമുക്ക് റോഡിൽ പ്ലാപ്പള്ളി പാലത്തിന് സമീപത്തെ കൊയ്യാൻ പാകമായ വയലിൽ കക്കൂസ് മല്യന്യം ഒഴുക്കിയത്. തോട്ടിലും വയലിലും വരമ്പുകളിലും മാലിന്യം ഒഴുകിയ നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടർന്ന് വെള്ളം ശക്തമായി ഒഴുകുന്നതിനാൽ 25 ഏക്കറിലധികം വരുന്ന ഏലായിൽ മാലിന്യം വ്യാപിച്ച അവസ്ഥയാണ്. മാലിന്യം തള്ളിയതിന്റെ ദൃശ്യങ്ങൾ സമീപമുള്ള വീട്ടിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ആദ്യം രണ്ടു പേർ ബൈക്കിലെത്തി പരിസരം വീക്ഷിച്ച ശേഷം ടാങ്കർ ലോറിയിലെത്തി മാലിന്യം തള്ളുകയായിരുന്നു. സമീപത്തെ മടന്തകോട് ഏലായിലും മാലിന്യം തള്ളിയിട്ടുണ്ട്. ഏലാ സമിതി സെക്രട്ടറി ബി. ചന്ദ്രശേഖരപിള്ള എഴുകോൺ പൊലീസിലും കൃഷിമന്ത്രിയ്ക്കും പരാതി നൽകി. പി. എഷാപോറ്റി എം.എൽ.എ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശികുമാർ, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ എന്നിവർ സംഭവസ്ഥലത്തെത്തി.