കൊല്ലം: നഗരസഭാ കാര്യാലയത്തിന്റെയും സോണൽ ഓഫീസുകളുടെയും ഉള്ളിലും പരിസരത്തും നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നു. ഓഫീസിന്റെ സുരക്ഷയ്ക്കൊപ്പം ജീവനക്കാരെ നിരീക്ഷിക്കാനുമാണ് കാമറകൾ സ്ഥാപിക്കുന്നത്.
നഗരസഭാ ഓഫീസുകളിൽ തമ്പടിക്കുന്ന ഏജന്റുമാർ ചട്ടവിരുദ്ധമായ കാര്യങ്ങൾ സാധിക്കാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതായും ചില ജീവനക്കാർ ഓഫീസ് സമയത്ത് കസേരകളിൽ ഉണ്ടാകാറില്ലെന്നും പരാതി വ്യാപകമാണ്. ഇതിനൊക്കെ തടയിടാനാണ് ഓഫീസിനുള്ളിലും കാമറ സ്ഥാപിക്കുന്നത്. കാമറയിലെ ദൃശ്യങ്ങൾ മേയറുടെയും സെക്രട്ടറിയുടെയും ചേംബറുകളിൽ സ്ഥാപിക്കുന്ന സ്ക്രീനുകളിൽ നിരീക്ഷിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് കാമറയും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നത്. ഒരുമാസത്തിനുള്ളിൽ സംവിധാനം നിലവിൽ വരും.
ഓഫീസുകളെ ബന്ധിപ്പിച്ച വീഡിയോ കോൺഫറൻസിംഗ്
സോണൽ ഓഫീസുകളിൽ ചെന്നാൽ ഒരു സമയത്തും ഉദ്യോഗസ്ഥരുണ്ടാകില്ലെന്നത് ജനങ്ങളുടെ പ്രധാനപ്പെട്ട പരാതിയാണ്. മേയറും സെക്രട്ടറിയും വിവിധ വകുപ്പ് തലവന്മാരും മെയിൻ ഓഫീസിൽ വിളിച്ചു ചേർക്കുന്ന യോഗങ്ങളാണ് പ്രശ്നം. ഇതിന് പരിഹാരമായി വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഒരുമാസത്തിനുള്ളിൽ നിലവിൽവരും. ഇതോടെ സോണൽ ഓഫീസുകളിലെ ജീവനക്കാർക്ക് യോഗങ്ങളിൽ പങ്കെടുക്കാൻ മെയിൻ ഓഫീസിൽ പോകേണ്ടി വരില്ല.സോണൽ ഓഫീസുകൾക്ക് പുറമെ മേയർ,. സെക്രട്ടറി എന്നിവരുടെ ചേംബറുകളിലും നഗരസഭാ ഓഫീസിലെ മിനി കോൺഫറൻസ് ഹാളിലുമാണ് വീഡിയോ കോൺഫറൻസിംസിംഗ് സംവിധാനം ഒരുക്കുന്നത്.
മുങ്ങുന്നവരെ കുടുക്കാൻ പഞ്ചിംഗ്
രാവിലെ കൃത്യസമയത്ത് എത്തില്ലെന്നാണ് നഗരസഭാ ജീവനക്കാർക്കെതിരായ മറ്റൊരു പരാതി. ഹാജർ രേഖപ്പെടുത്തിയ ശേഷം മുങ്ങുന്നവരുമുണ്ട്. ഇത്തരക്കാരെ കുടുക്കാൻ പഞ്ചിംഗ് സംവിധാനവും ഒരു മാസത്തിനുള്ളിൽ നിലവിൽ വരും. നഗരസഭാ പ്രധാന കാര്യാലയം, സോണൽ ഓഫീസുകൾ എന്നിവിടങ്ങൾക്ക് പുറമേ ഹെൽത്ത് ഡിവിഷൻ ഓഫീസുകളിലും പഞ്ചിംഗ് ഏർപ്പെടുത്തും.
മൂവ്മെന്റ് രജിസ്റ്റിൽ സൈറ്റ് കാണാൻ പോകുന്നുവെന്ന് രേഖപ്പെടുത്തിയ ശേഷം സ്വകാര്യ ആവശ്യങ്ങൾക്ക് പോകുന്നുവരുമുണ്ട്. ഇതിന് തടയിടാൻ മൊബൈൽ ആപ് തയ്യാറാക്കാനും നഗരസഭ സർക്കാർ ഏജൻസിയായ ഐ.കെ.എമ്മിന് നിർദ്ദേശം നൽകിയിട്ടുണ്ട്.