kottiyam-1
കൊട്ടിയം ജംഗ്ഷനിലെ കൊല്ലത്തേക്കുള്ള ബസ് ഷെൽട്ടർ

കൊല്ലം: ദിവസവും ആയിരങ്ങളെത്തുന്ന കൊട്ടിയം ജംഗ്ഷനിൽ ആധുനിക ബസ് ഷെൽട്ടറുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊട്ടിയം ജംഗ്ഷനിൽ കൊല്ലം, തിരുവനന്തപുരം, തഴുത്തല ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാൻ നിലവിൽ തട്ടിക്കൂട്ട് തകര ഷെഡുകളാണുള്ളത്. മയ്യനാട് ഭാഗത്തേക്ക് ബസ് ഷെൽട്ടറുമില്ല.

പലയിടങ്ങളിലും ഫാൻ, എൽ.ഇ.ഡി ഡിസ്‌പ്ളേ ബോർഡ്, ടെലിവിഷൻ, വൈഫൈ തുടങ്ങിയ സംവിധാനങ്ങളുള്ള ഹൈടെക് ബസ് ഷെൽട്ടറുകൾ വരുമ്പോഴാണ് പ്രധാനപ്പെട്ട ജംഗ്ഷനായ കൊട്ടിയത്ത് യാത്രക്കാർക്ക് ഒന്നിരിക്കാൻ പോലും ഇടമില്ലാത്തത്. ബസ് ഡ്രൈവർമാർ തങ്ങൾക്ക് സൗകര്യമുള്ളിടത്ത് ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റിയിറക്കുന്നതാണ് മറ്റൊരു പ്രശ്നം. അപകടങ്ങളുണ്ടാകുമ്പോഴോ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോഴോ പൊലീസ് ഇടപെടാറുണ്ടെങ്കിലും പിന്നീട് പഴയപടിയാകുന്നതാണ് പതിവ്.

" കൊട്ടിയത്ത് ബസ് ഷെൽട്ടറുകൾ ഒരിടത്തും ബസുകൾ നിറുത്തുന്നത് മറ്റൊരിടത്തുമാണ്. അടിയന്തരമായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ച് ചേർത്ത് ഈ പ്രശ്നത്തിന് പരിഹാരം കാണണം.''

എസ്. കബീർ (ജന. സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, കൊട്ടിയം യൂണിറ്റ് )

" കൊട്ടിയത്ത് ആധുനിക ബസ് ഷെൽട്ടറുകൾ നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാകണം. അതിനൊപ്പം സ്റ്റോപ്പുകളിൽ തന്നെ ബസുകൾ നിറുത്തണം. തോന്നുന്നിടത്ത് ബസുകൾ നിറുത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കുരുക്കും സൃഷ്ടിക്കുന്നു. കൊട്ടിയം ജംഗ്ഷനിൽ ബസ് സ്റ്റാൻഡ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കണം.''

ആർ.എസ്. കണ്ണൻ (മാനേജിംഗ് കമ്മിറ്റി മെമ്പർ, എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ കൊട്ടിയം ശാഖ)