psc

കൊല്ലം: കൊല്ലം കേന്ദ്രമാക്കി നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പ് പരമ്പരയിലെ പൊലീസ് എസ്.ഐ പരീക്ഷയുമായി ബന്ധപ്പെട്ട കേസിലെ ഏഴാം പ്രതിയായ ഷിജു സമർപ്പിച്ച വിടുതൽ ഹർജി കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.

2010 ഒക്ടോബർ 10നായിരുന്നു എസ്.ഐ പരീക്ഷ നടന്നത്. തട്ടിപ്പ് സംഘത്തിലെ ചിലർ വ്യാജ തിരിച്ചറിയിൽ കാർഡ് ഉപയോഗിച്ച് ഹാൾ ടിക്കറ്റ് സംഘടിപ്പിച്ച് കൊട്ടിയം സി.എഫ്.എച്ചിലെ പരീക്ഷാ ഹാളിൽ കയറി. ലഭിച്ച ചോദ്യകടലാസ് ജനാല വഴി ഇവർ പുറത്തേക്ക് കൈമാറി.

കടലാസ് ഉപയോഗിച്ച് ശരീരത്തിൽ മൊബൈൽ ഫോൺ ഒട്ടിച്ച് ചെവിയിൽ ഇയർഫോണും തിരുകി ഇതേ സെന്ററിൽ പരീക്ഷ എഴുതുകയായിരുന്ന ഷിജുവിന് ഉത്തരങ്ങൾ കൈമാറിയെന്നാണ് കേസ്. സമാനമായ രീതിയിൽ നിരവധി പരീക്ഷകളിൽ ഇതേ സംഘം തട്ടിപ്പ് നടത്തി. പിന്നീട് പി.എസ്.സിക്ക് ലഭിച്ച ഊമക്കത്തിലൂടെയാണ് തട്ടിപ്പ് പുറത്ത് വന്നത്.

ഇയർഫോൺ വഴി ഉത്തരം കേട്ടെഴുതിയെങ്കിൽ അപ്പോൾ തന്നെ ഇൻവിജിലേറ്റർ കണ്ടെത്തുമായിരുന്നില്ലേയെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് കോപ്പിയടി മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു. പ്രതിക്കെതിരെ കാര്യമായ സംശയവും പ്രഥമദൃഷ്ട്യ തെളിവുമുണ്ടെങ്കിൽ കുറ്റപ്പത്രം സമർപ്പിക്കാമെന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പി. അരുൺകുമാർ നിരീക്ഷിച്ചു. മൊബൈൽ ഫോൺ പ്ലാസ്റ്റർ ഉപയോഗിച്ച് ശരീരത്തിൽ ഒട്ടിച്ചതും പരീക്ഷാഹാളിൽ ഇയർ ഫോൺ ഉപയോഗിച്ചതും പ്രതിക്കെതിരായ തെളിവാണെന്നും കോടതി കണ്ടെത്തി.

പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ പാരിപ്പള്ളി ആർ. രവീന്ദ്രൻ, സുബ എസ്.പിള്ള, ആർ.എസ്. നിത്യ എന്നിവർ ഹാജരായി. ബിവറേജസ് കോർപ്പറേഷൻ പ്യൂൺ/ ഹെൽപ്പർ തസ്തികകളിലേക്ക് നടന്ന പരീക്ഷയിൽ തട്ടിപ്പ് നടത്തിയ കേസിൽ 13-ാം പ്രതിയാണ് ഷിജു. ഈ കേസിൽ ഷിജു സമർപ്പിച്ച വിടുതൽ ഹർജി കോടതിയുടെ പരിഗണനയിലാണ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥിക്ക് മൊബൈൽ ഫോൺ വഴി ഉത്തരങ്ങൾ പറഞ്ഞുകൊടുത്തുവെന്നാണ് ഈ കേസിൽ ഷിജുവിനെതിരെ ചുമത്തിയിട്ടുള്ള കുറ്റം.