പുനലൂർ: കയർ ഭൂവസ്ത്രം ഉപയോഗിച്ച് ജില്ലയിൽ ഏറ്റവും കൂടുതൽ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പാക്കിയതിനുള്ള ജില്ലാതല പുരസ്ക്കാരം കിഴക്കൻ മലയോര മേഖലയിലെ തെന്മല ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. മഹാത്മാ ഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിൽ ഏറ്റവും അധികം തുക ചെലവഴിച്ചാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. തെന്മല ഇക്കോ ടൂറിസം മേഖലയിൽ മണ്ണ് സംരക്ഷണം, ആറുകളുടെയും തോടുകളുടെയും തീരങ്ങൾ ഭൂ വസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കൽ തുടങ്ങിയവയ്ക്കുള്ള ജില്ലാതല പുരസ്ക്കാരത്തിനാണ് തെന്മല ഗ്രാമ പഞ്ചായത്ത് അർഹത നേടിയത്. കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ചേർന്ന ചടങ്ങളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, തെന്മല പഞ്ചായത്ത് പ്രസിഡന്റ് ആർ. ലൈലജയ്ക്ക് പുരസ്ക്കാരം നൽകി. എം. നൗഷാദ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജെ. മേഴ്സികുട്ടിഅമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ജില്ലാ കളക്ടർ അബ്ദുൽ നാസർ, കോ-ഓർഡിനേറ്റർ ലാസർ തുടങ്ങിയവർ പങ്കെടുത്തു. മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തിനുള്ള ഐ.എസ്.ഒ പുരസ്ക്കാരം കഴിഞ്ഞ മാസം തെന്മലയിൽ ചേർന്ന ചടങ്ങിൽ മന്ത്രി കെ. രാജുവാണ് പഞ്ചായത്ത് പ്രസിഡന്റിന് നൽകിയത്.