കൊല്ലം: മാവോ ആരാന്ന് മനസിലാക്കാം. എന്നാൽ ആ ആശയങ്ങൾ പ്രചരിപ്പിക്കുന്നതാണ് തെറ്റെന്ന് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം ‘പുരസ്കാരം 2019’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാവോയെ കുറിച്ച് പഠിക്കാൻ പറ്റില്ലെന്ന് പറയാൻ കഴിയില്ല. മാവോയിസ്റ്ര് അനുകൂല ലഘുലേഖ സൂക്ഷിച്ചെന്ന പേരിൽ രണ്ടു വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പൊലീസിനു കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. വ്യക്തികൾക്കെതിരെയും യു.എ.പി.എ ചുമത്താം എന്ന നിയമ ഭേദഗതിയുടെ ദുരുപയോഗമാണ് ഇത്. വാളയാർ കേസിൽ പ്രോസിക്യൂഷന് ഗുരുതര വീഴ്ച സംഭവിച്ചു. ഒരു കുട്ടി മരണപ്പെട്ടപ്പോൾ അന്വേഷണം കൃത്യമായി നടന്നിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടി മരണപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എസ്. അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമ്മിഷണർ പി.കെ. മധു മുഖ്യാതിഥിയായിരുന്നു. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. അനിൽകുമാർ, സംസ്ഥാന ട്രഷറർ എഫ്. ഷൈജു, റൂറൽ ജില്ല സെക്രട്ടറി വി.പി. ബിജു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എം.സി. പ്രസാദ്, കെ.പി.എ ജില്ലാ സെക്രട്ടറി ജിജു സി. നായർ, ട്രഷറർ സഹീർ, കമ്മിറ്റി അംഗം വി. ചിന്തു എന്നിവർ സംസാരിച്ചു.