rdo
പുനലൂർ ചെമ്മന്തൂരിലെ തോടും പാതയോരവും അനധികൃതമായി കൈയേറിയത് ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പുനലൂരിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ആർ.ഡി.ഒ.ബി. രാധാകൃഷ്ണൻ സംസാരിക്കുന്നു

പുനലൂർ: കഴിഞ്ഞ മാസം പെയ്ത കനത്ത മഴയിൽ കൊല്ലം - തിരുമംഗലം ദേശീയപാത കടന്ന് പോകുന്ന പുനലൂരിലെ ചെമ്മന്തൂരിൽ വെള്ളം പൊങ്ങി വീടുകൾക്കും വ്യാപാര ശാലകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചിരുന്നു. ഇതിന് കാരണം സമീപത്തെ തോടും റോഡും അനധികൃതമായി കൈയേറിയതാണെന്ന വിലയിരുത്തലിനെ തുടർന്ന് കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കാൻ തീരുമാനമായി. പുനലൂർ ആർ.ഡി.ഒ.ബി. രാധാകൃഷ്ണൻ വിളിച്ച് ചേർത്ത റവന്യൂ, ദേശീയ പാത, പൊതുമരാമത്ത്, ജലസേചനം, കൃഷി തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കൈയേറ്റം ഒഴിപ്പിക്കാൻ ധാരണയായത്.

വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിൽ തോടിന് കുറുകേ പലയിടങ്ങളിലും കോൺക്രീറ്റ് സ്ലാബുകൾ നിർമ്മിച്ചിട്ടുളളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ഡി.ഒ പറഞ്ഞു. കഴിഞ്ഞ മാസം 13ന് പെയ്ത കനത്ത മഴയിലാണ് ദേശീയ പാത കടന്ന് പോകുന്ന ചെമ്മന്തൂരിലും സമീപ പ്രദേശങ്ങളിലും വെള്ളം പെങ്ങിയത്. മഴവെള്ളം കയറിയും മരവും മതിലും വീണും 28 വീടുകൾക്കാണ് നാശം സംഭവിച്ചത്. ഇത് കൂടാതെ നിരവധി വ്യാപാര ശാലകൾക്കും വാഹനങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. മൊത്തം 26.4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. മഴ വെളളം പൊങ്ങിയതിനാൽ ദേശീയപാതയിലെ ചെമ്മന്തൂരിൽ ഗതാഗതവും മുടങ്ങിയിരുന്നു.

13നുള്ളിൽ കൈയേറ്റക്കാർക്ക് നോട്ടീസ് നൽകും

ഈ മാസം 13നുള്ളിൽ കൈയേറ്റക്കാർക്ക് നോട്ടീസ് നൽകാൻ ദേശീയ പാത, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും, അനധികൃത കൈയേറ്റങ്ങളെ സംബന്ധിച്ച് സർവേ നടത്തുന്നതിന് തഹസിൽദാരെയും വില്ലേജ് ഓഫീസർമാരെയും ചുമതലപ്പെടുത്തി. ഇടുങ്ങിയ തോടുകളുടെ നീരോഴുക്ക് വർദ്ധിപ്പിക്കാൻ നഗരസഭ മുൻകൈയെടുത്ത് പ്രവർത്തിക്കും. നഗരസഭയുടെ ജെ.സി.ബി ഉപയോഗിച്ച് തോടുകൾ ശുചീകരിക്കും.

28 വീടുകൾക്കാണ് നാശം സംഭവിച്ചത്

 26.4 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി

ഉദ്യോഗസ്ഥരുടെ പരിശോധന

സംഭവത്തെക്കുറിച്ച് അന്ന് സ്ഥലത്തെത്തിയ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ തോടും പാതയോരവും കൈയേറിയതാണ് വെള്ളപ്പൊക്കത്തിന്റെ കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന് തുടർന്ന് പുനലൂരിലെത്തിയ കളക്ടർ അബ്ദുൽനാസർ കൈയേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതാണ് ആർ.ഡി.ഒ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ തീരുമാനിച്ചത്.