govt-iti-chandhanathope
ചന്ദനത്തോപ്പ്‌ ഐ ടി ഐ യുടെ കെട്ടിടം തകർന്ന നിലയിൽ

കൊല്ലം: ചന്ദനത്തോപ്പ് ഗവ.ഐ.ടി.ഐയിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു വീണു. അവധി ദിനമായതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെല്ലാം വീട്ടിലേക്ക് മടങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 60 മീറ്റർ നീളമുള്ള 'എൽ' ആകൃതിയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഒരുഭാഗത്തെ മൂന്ന് നിലകളും പൂർണമായും നിലംപൊത്തുകയായിരുന്നു.

56 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടം ചുടുകട്ടയും കുമ്മായവും ഉപയോഗിച്ചാണ് നിർമ്മിച്ചത്. മഴ പെയ്ത് കെട്ടിടം പൂർണമായും കുതിർന്നിരിക്കുകയായിരുന്നു. ഈ കെട്ടിടത്തിൽ നിന്ന് ഏകദേശം 15 മീറ്ററോളം അകലെയാണ് റെയിൽവേ ലൈൻ. നനഞ്ഞിരുന്ന കെട്ടിടം ട്രെയിൻ കടന്നുപോകുമ്പോഴുള്ള ചെറിയ കുലുക്കം കൂടിയായപ്പോൾ നിലംപൊത്തിയതാകാമെന്നാണ് കരുതുന്നത്. ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് കെട്ടിടം തകർന്നു വീണതെന്ന് തൊട്ടടുത്ത് താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾ പറഞ്ഞു.

കെട്ടിടത്തിന്റെ ആദ്യനിലയിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. പത്ത് കുട്ടികളാണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്. രണ്ടാം നിലയിലും മൂന്നാം നിലയിലും ഇലക്ട്രോണിക്സ്, പെയിന്റർ, ലിഫ്റ്റ് മെക്കാനിക്ക്, ഡ്രാഫ്റ്റ്മാൻ മെക്കാനിക് മെക്കാനിക് റെഫ്രിജറേഷൻ എന്നീ ക്ലാസുകളാണ്. അദ്ധ്യയന ദിവസങ്ങളിൽ കുറഞ്ഞത് 200 കുട്ടികളെങ്കിലും ഈ ബ്ലോക്കിൽ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള ഉപകരണങ്ങളും ഈ കെട്ടിടത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പൂർണമായും നശിച്ചു. നഷ്ടം ഇതുവരെ പൂർണമായും കണക്കാക്കിയിട്ടില്ല.

കെട്ടിടം ബലപ്പെടുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥർ കാലപ്പഴക്കം ഉള്ളതിനാൽ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഐ.ടി.ഐ അധികൃതർ പറഞ്ഞു. ഐ.ടി.ഐയിലെ മറ്റ് ചില കെട്ടിടങ്ങളും സമാനമായ അവസ്ഥയിലാണ്. വിവരം അറിഞ്ഞ് വ്യവസായിക പരീശലന വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിൽ നിന്നും തുടർ ക്ലാസസുകളും ഹോസ്റ്റലിന്റെ പ്രവർത്തനവും ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.