ഓടനാവട്ടം: ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വെളിയം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് നാളേറെയായിട്ടും പരിഹാരമില്ല. നിവേദനങ്ങൾക്കും പരാതികൾക്കും നടപടി ഇല്ലാതായതോടെ കടുത്ത അമർഷത്തിലാണ് ഇവിടുത്തുകാർ.
കൊട്ടാരക്കര പാരിപ്പള്ളി, കുളത്തൂപ്പുഴകൊല്ലം റൂട്ടുകളുടെ സംഗമ സ്ഥാനത്തിനാണ് ഈ ദുർവിധി എന്നതാണ് ഏറെ ശ്രദ്ധേയം. നിരവധി ക്ഷേത്രങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, ഓഡിറ്റോറിയങ്ങൾ, പൊലീസ് സ്റ്റേഷൻ മുതലായവയൊക്കെ വെളിയം ജംഗ്ഷനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ അധികൃതർക്ക് മാത്രം ഇതൊന്നും അറിയാത്ത ഭാവമാണ്.
ഓട്ടോറിക്ഷകളടക്കം 200ലധികം ടാക്സികൾ മേഖലയിൽ സർവീസ് നടത്തുന്നുണ്ട്. ഇവരാണ് ഗതാഗതക്കുരുക്കിൽ ഏറെ ദുരിതമനുഭവിക്കുന്നത്. ഒപ്പം നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളും. രോഗികളുമായി എത്തുന്ന ആംബുലൻസുകൾ അടക്കം ഗതാഗതക്കുരുക്കിൽ അകപ്പെട്ട് നട്ടംതിരിയുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. വാഹനങ്ങൾ കുരുക്കിൽപ്പെടുന്നതിനാൽ സമയത്ത് വിദ്യാലയങ്ങളിലെത്താൻ കഴിയാതെ കുട്ടികളും വലയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതും ഇവരെ വലയ്ക്കുന്ന പ്രശ്നമാണ്. ഇതിനോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ജംഗ്ഷനിലെ ദുരവസ്ഥ പരിഹരിച്ച് തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
വെളിയം ജംഗ്ഷൻ എപ്പോഴും ഗതാഗതക്കുരുക്കിലാണ്. അപകടങ്ങൾക്കും കുറവില്ല. പോയിന്റ് ഡ്യൂട്ടിക്ക് മുമ്പ് പൊലീസിനെ നിയോഗിച്ചിരുന്നു.ഇത് ഇപ്പോൾ നിലവിലില്ല.
പൊലീസിന്റെ പോയിന്റ് ഡ്യൂട്ടി സംവിധാനം പുനഃസ്ഥാപിക്കണം. റോഡരികിലെ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കണം. ഇതിലൂടെ മാത്രമേ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സാധിക്കൂ.
വെളിയം ജയചന്ദ്രൻ, പൊതുപ്രവർത്തകൻ
സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്നതിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല. റോഡിന് വീതി കൂട്ടുവാനുള്ള ശ്രമവും അധികൃതർ ഉപേക്ഷിച്ചിരിക്കുന്നു. പാർക്കിംഗിനെ സംബന്ധിച്ചുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്.പോലീസിന്റെ അടിയന്തര ശ്രദ്ധയുണ്ടാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്ക് പരിഹാരമാകും.
എസ്. പുഷ്പരാജൻ, പ്രസിഡന്റ്, വ്യാപാരി വ്യവസായി സമിതി വെളിയം യൂണിറ്റ്